രാമക്ഷേത്ര ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൂടി കൊവിഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ നാളെ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുക്കുന്നുണ്ട്.
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജ നാളെ നടക്കാനിരിക്കെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ച മുഖ്യ പൂജാരിയുടെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്കും കൊവിഡ് ബാധിച്ചിരുന്നു. സ്ഥലത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പോലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
പൂജാരിമാര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു. 82കാരനായ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. 'അയോധ്യയില്‍ നിത്യവും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്ന പൂജാരിയാണ് പ്രേംകുമാര്‍. ഒരേ സ്ഥലത്താണ് ഞങ്ങളെല്ലാം താമസിക്കുന്നത്. ഞാന്‍ ചെറുപ്പമല്ലാത്തിനാല്‍ എനിക്കും നിയന്ത്രണങ്ങളുണ്ട്' സത്യേന്ദ്ര ദാസ് പറഞ്ഞു.
അതേസമയം, കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും മുന്‍ നിശ്ചയിച്ച പ്രകാരം ഭൂമി പൂജ നടക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ നാളെ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയിലും ശിലാസ്ഥാപനത്തിലും പങ്കെടുക്കുന്നുണ്ട്. രാമക്ഷേത്രം ഉയരുന്നതോടെ രാജ്യം കൊവിഡില്‍ നിന്ന് സുരക്ഷിതമാകുമെന്ന് ബിജെപി-സംഘപരിവാര നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനിടേയാണ് രാമക്ഷേത്ര ഭൂമി പൂജക്ക നേതൃത്വം നല്‍കുന്ന പൂജാരിമാര്‍ക്ക് തന്നെ കൊവിഡ് സ്ഥിരീകരിച്ചത്.