'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്': അനുകൂല നിലപാടുമായി പാര്‍ലമെന്ററി സമിതി

Update: 2021-03-17 00:59 GMT

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെ അനുകൂലിച്ച് പാര്‍ലമെന്റിന്റെ നിയമകാര്യ സ്ഥിരംസമിതി രംഗത്ത്. ഖജനാവിനും പാര്‍ട്ടികള്‍ക്കും പണച്ചെലവ് കുറയുമെന്നും സമിതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച റിപോര്‍ട്ട് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വച്ചു. 'ഒരു രാജ്യം, ഒര തിരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യവുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതിനിടെയാണ് സഭാ സമിതിയുടെ റിപോര്‍ട്ട് എന്നതും ശ്രദ്ധേയമാണ്. ഇതുവഴി വികസനപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. 1952, 1957, 1962 വര്‍ഷങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും ഏതാണ്ട് ഒന്നിച്ചായിരുന്നു. ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി നടത്തി അത് വീണ്ടും പ്രാവര്‍ത്തികമാക്കാമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

    ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി ഏകീകരിക്കേണ്ടിവരും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിശ്ചിത കാലാവധി നല്‍കണം. നിയമസഭകളുടെ കാലാവധി ഏകീകരിക്കാന്‍ ചില ഏറ്റക്കുറച്ചിലുകള്‍ നടത്തുന്നതിന് രാഷ്ട്രീയസമവായം വേണ്ടിവരും. ഇടയ്ക്കിടെ തിരഞ്ഞെടുപ്പുകള്‍ വരുന്നത് ഭരണസംവിധാനത്തിന് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് വേണമെന്ന നിര്‍ദേശം 1983 മുതല്‍ ഉയര്‍ന്നിരുന്നുവെന്നും റിപോര്‍ട്ടില്‍ വിശദീകരിച്ചു. നേരത്തേ, തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നത് നിലവിലെ ഭരണഘടനാ ചട്ടക്കൂടില്‍ അപ്രായോഗികമാണെന്ന് നിയമ കമ്മീഷന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം.

'One nation, one election': Parliamentary committee supports

Tags:    

Similar News