ഓപറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍

18 വയസ്സിനു താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സംസ്ഥാന വ്യാപകമായി സൈബര്‍ഡോം ആരംഭിച്ച 'ഓപറേഷന്‍ പി ഹണ്ടി'ന്റെ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

Update: 2019-04-01 09:18 GMT

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കി കേരള പോലിസ്. ഇത്തരത്തില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അപ്‌ലോഡ് ചെയ്യുന്ന 12 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

18 വയസ്സിനു താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സംസ്ഥാന വ്യാപകമായി സൈബര്‍ഡോം ആരംഭിച്ച 'ഓപറേഷന്‍ പി ഹണ്ടി'ന്റെ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നിരവധി നഗ്നചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചതായി പോലിസ് പറഞ്ഞു.

ഇന്റര്‍പോളിന്റെ നിര്‍ദേശത്തെതുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പേജുകളും വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവര്‍ കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നത്.പോലിസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 84 വ്യക്തികളെക്കുറിച്ചുള്ള വിവരം പോലിസിന് കിട്ടിയിരുന്നു.

ഇവരുടെ വീടുകളിലും ഓഫിസിലുമാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.മാര്‍ച്ച് 31നാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ പി ഹണ്ടി'ന്റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.

Tags:    

Similar News