പാര്‍ലമെന്റിലെ ഒബിസി ഭേദഗതി ബില്ലിനെ പിന്തുണക്കാന്‍ പ്രതിപക്ഷ ധാരണ
പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പതിനഞ്ചു പ്രതിപക്ഷ പാര്‍ട്ടികളാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപിയില്‍നിന്നുതന്നെ ഇതിനായി മുറവിളി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഭരണഘനാ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്. 127ാമത് ഭരണഘടനാ ഭേദഗതി ബില്‍ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. വീരേന്ദ്ര പാട്ടീല്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും.
ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്നു രാവിലെയാണ് ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്.
പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം നിരന്തരം പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന ഈ സമ്മേളന കാലയളവില്‍ സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു. പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണഘടനാ ഭേദഗതി ബില്‍ സുഗമമായി പാസാവുമെന്ന് ഉറപ്പായിട്ടുണ്ട്.