സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ല: ജസ്റ്റിസ് ദീപക് ഗുപ്ത

സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഏതു നീക്കവും ജനാധിപത്യത്തില്‍ മരവിപ്പുണ്ടാക്കും. സര്‍ക്കാരിനെതിരേ വിമര്‍ശം ഉന്നയിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. 'ചില പാര്‍ട്ടികള്‍ക്ക് 51 ശതമാനം വോട്ട് ലഭിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം മറ്റ് 49 ശതമാനം പേര്‍ 5 വര്‍ഷത്തേക്ക് സംസാരിക്കാന്‍ പാടില്ലെന്നാണോ? - ജസ്റ്റിസ് ഗുപ്ത ചോദിച്ചു

Update: 2020-02-24 15:02 GMT
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ല: ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡല്‍ഹി: 'സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ശരിയല്ല' എന്നതിനാല്‍ വിയോജിപ്പിനെ അടിച്ചമര്‍ത്താനുള്ള ഏതൊരു ശ്രമവും ജനാധിപത്യത്തില്‍ മരവിപ്പുണ്ടാക്കുമെന്ന് സുപ്രിം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ജനാധിപത്യവും വിയോജിപ്പും' എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഏതു നീക്കവും ജനാധിപത്യത്തില്‍ മരവിപ്പുണ്ടാക്കും. സര്‍ക്കാരിനെതിരേ വിമര്‍ശം ഉന്നയിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. 'ചില പാര്‍ട്ടികള്‍ക്ക് 51 ശതമാനം വോട്ട് ലഭിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം മറ്റ് 49 ശതമാനം പേര്‍ 5 വര്‍ഷത്തേക്ക് സംസാരിക്കാന്‍ പാടില്ലെന്നാണോ? ജനാധിപത്യത്തില്‍ ഓരോ പൗരനും പങ്കുവഹിക്കാനുണ്ട്. സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ശരിയല്ല'- ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

വ്യത്യസ്ത കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നു എന്നതുകൊണ്ട് രാജ്യത്തോട് ആദരവില്ലെന്ന് അര്‍ത്ഥമില്ല. വ്യത്യസ്ത ആശയങ്ങള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം വിയോജിപ്പുണ്ടാവും. ചോദ്യം ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. സമാധാന മാര്‍ഗത്തില്‍ പ്രതിപക്ഷത്തിന് ഏതറ്റംവരെയും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.വിയോജിപ്പിനെ ദേശവിരുദ്ധമെന്ന് മുദ്രകുത്തുന്നത് ജനാധിപത്യത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രഭാഷണത്തിലെ ചില ഭാഗങ്ങളും അദ്ദേഹം ഉദ്ധരിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യം വിജയകരമാകുന്നത് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്. വിയോജിപ്പിന് സുപ്രധാന സ്ഥാനമുണ്ട്. രാജ്യത്തെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് വിയോജിപ്പുകള്‍ ഗുണംചെയ്യുമെന്നും ഡി വൈ ചന്ദ്രചൂഡ് തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി എന്നാരോപിച്ച് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാവരുതെന്ന് ആവശ്യപ്പെടുന്ന ബാര്‍ അസോസിയേഷന്‍ പ്രമേയങ്ങള്‍ താന്‍ അംഗീകാരിച്ചിരുന്നില്ലെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ഇതു നിമയപരമായ ധാര്‍മികതയ്ക്കു വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News