കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ തെരുവില്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്
സെക്രട്ടറിയേറ്റിലേക്ക് എസ്ഡിപിഐ, കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിലേക്ക് എസ്ഡിപിഐ, കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എസ് എം ബാലു യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ മുക്കോല ബിജു, വഞ്ചിയൂര്‍ വിഷ്ണു എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു. കെടി ജലീലിന്റെ കോലം കത്തിച്ച ശേഷം സെക്രട്ടറിയേറ്റിലേക്ക് കടന്നപ്പോള്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം വീണ്ടും ശക്തമായതോടെ ലാത്തി ചാര്‍ജ് ആരംഭിക്കുകയായായിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപി മാര്‍ച്ച്. പോലിസുമായുള്ള സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ മന്ത്രി ജലീലിന്റെ കോലം കത്തിച്ചു. പ്രതിഷേധ റാലി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് പൂന്തുറ സജീവ് ഉദ്ഘാടനം ചെയ്തു. പാളയം സിറ്റി പ്രസിഡന്റ് സനോഫര്‍, വള്ളക്കടവ് സിറ്റി പ്രസിഡന്റ് നൗഷാദ്, എ സി വള്ളക്കടവും ജഹാംഗീര്‍ ബീമാപ്പള്ളി നേതൃത്വം നല്‍കി.
കൊച്ചിയിലും കോഴിക്കോടും സമാനമായ രീതിയില്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ കെ ടി ജലീലിന്റെ കോലം കത്തിച്ചു. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോര്‍ച്ചയും പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.
അതേസമയം, മന്ത്രി കെ ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും.