വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക സമരം: പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി ആര്‍ ബാലു, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകീട്ട് 5ന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനാനുമതി നല്‍കിയത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി ആര്‍ ബാലു, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക. 11 പാര്‍ട്ടികളാണ് രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടിയത്. എന്നാല്‍, കൊവിഡ് സാഹചര്യം പരിഗണിച്ച് അഞ്ചുപേര്‍ക്ക് മാത്രമേ രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കിയുള്ളൂ.
പുതിയ നിയമം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന വാദം പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് മുന്‍പാകെ വെക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റില്‍ പാസാക്കിയതെന്നതടക്കമുള്ള കാര്യങ്ങളാവും നേതാക്കള്‍ രാഷ്ട്രപതിയെ അറിയിക്കുക. സെപ്റ്റംബറിലാണ് ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയത്.
അതേസമയം, കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് യോഗം ചേരും. നിയമഭേദഗതികള്‍ എഴുതി നല്‍കാമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ ചര്‍ച്ച ചെയ്യും. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉറപ്പ് എഴുതി നല്‍കാമെന്നാണ് അമിത് ഷാ ഇന്നലെ നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. നിര്‍ദേശങ്ങള്‍ പുതിയതല്ലെന്ന് പറഞ്ഞ കര്‍ഷക സംഘടനകള്‍ ഇന്ന് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന നിലപാട് സംഘടനകള്‍ ആവര്‍ത്തിക്കുകയാണ്.