'മുകളില്‍ നിന്നുള്ള ഉത്തരവ്': 10 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഡല്‍ഹി പോലിസ് പിടിച്ച്‌കൊണ്ടുപോയി
ബുധനാഴ്ച പുലര്‍ച്ചെ നാലുപേരടങ്ങുന്ന ഒരു കുടുംബത്തെ പോലിസ് പിടിച്ച് കൊണ്ടുപോയി. ആറ് പേരുള്ള മറ്റൊരു കുടുംബത്തെ 10 ദിവസം മുമ്പ് താല്‍ക്കാലിക ക്യാംപില്‍നിന്ന് കസ്റ്റഡിയിലെടുത്തതായും ഡല്‍ഹിയിലെ കാഞ്ചന്‍ കുഞ്ചിലെ അഭയാര്‍ഥി കോളനിയിലെ താമസക്കാര്‍ പറയുന്നു.
ന്യൂഡല്‍ഹി: രണ്ടാഴ്ചയ്ക്കകം തെക്ക്കിഴക്കന്‍ ഡല്‍ഹിയിലെ അഭയാര്‍ഥി ക്യാംപില്‍നിന്ന് പത്തോളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെയാണ് ഡല്‍ഹി പോലിസ് പിടിച്ചുകൊണ്ടുപോയത്. പരിശോധനയില്‍ രേഖകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ഈ അതിക്രമം. ബുധനാഴ്ച പുലര്‍ച്ചെ നാലുപേരടങ്ങുന്ന ഒരു കുടുംബത്തെ പോലിസ് പിടിച്ച് കൊണ്ടുപോയി. ആറ് പേരുള്ള മറ്റൊരു കുടുംബത്തെ 10 ദിവസം മുമ്പ് താല്‍ക്കാലിക ക്യാംപില്‍നിന്ന് കസ്റ്റഡിയിലെടുത്തതായും ഡല്‍ഹിയിലെ കാഞ്ചന്‍ കുഞ്ചിലെ അഭയാര്‍ഥി കോളനിയിലെ താമസക്കാര്‍ പറയുന്നു. 30 ഓളം കുടുംബങ്ങളില്‍നിന്നുള്ള 300ഓളം പേരാണ് ഇവിടെ താമസിക്കുന്നത്.
എന്തിനാണ് ആളുകളെ അകാരണമായി കൊണ്ടുപോവുന്നതെന്ന് ചോദിച്ചപ്പോള്‍ 'മുകളില്‍ നിന്ന് ഉത്തരവുകള്‍' ഉണ്ടെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കോളനിക്കാര്‍ പറയുന്നു. 'അവരുടെ പക്കല്‍ രേഖകളില്ല, അതിനാല്‍ വിദേശികളുടെ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (FRRO) അയച്ചതായി തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഡപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആര്‍ പി മീന പറഞ്ഞു.
'ഇന്നലെ രാത്രി പോലിസ് സഹോദരന്‍മാരെ അന്വേഷിച്ച് എത്തിയിരുന്നു. അവര്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്നും അവര്‍ എങ്ങനെ ഉപജീവനമാര്‍ഗം നേടുന്നുവെന്നും ചോദിച്ച് തിരിച്ചുപോയി. രാവിലെ എട്ടിന് മാതാവ് പ്രഭാത ഭക്ഷണം ഉണ്ടാക്കുകയും പിതാവ് നമസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തി വിശ്രമിക്കുകയുമായിരുന്നു. സഹോദരങ്ങള്‍ ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെ കുറച്ച് പോലിസുകാര്‍ വീട്ടിലേക്ക് കയറി തങ്ങളെ പുറത്തുപോവാന്‍ അനുവദിച്ചില്ല. പിന്നാലെ, 80 കാരനായ പിതാവ് സുല്‍ത്താന്‍ അഹമ്മദ്, 70 കാരിയായ അമ്മ ഹലിമ ബീഗം, രണ്ട് സഹോദരന്മാര്‍ എന്നിവരെ പോലിസ് പിടിച്ച് കൊണ്ടു പോയതായി 2011 മുതല്‍ കോളനിയില്‍ താമസിക്കുന്ന മുപ്പത്തിയഞ്ചുകാരനായ മുഹമ്മദ് ബഷീര്‍ അഹമ്മദ് ദി ക്വിന്റിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്മാരായ നൂര്‍ മുഹമ്മദും ഉസ്മാനും തൊഴിലാളികളായിരുന്നു.