ബലാല്‍സംഗക്കേസില്‍ പരോളിലിറങ്ങിയ ശേഷം മെഗാ ശുചിത്വ കാംപയിനുമായി ഗുര്‍മീത് റാം റഹിം; ചടങ്ങില്‍ ഹരിയാന ബിജെപി നേതാക്കളും

Update: 2023-01-24 06:49 GMT

ഛണ്ഡീഗഢ്: ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് പരോളില്‍ പുറത്തിറങ്ങിയതിന് പിന്നാലെ മെഗാ ശുചിത്വ കാംപയിന്‍ ആരംഭിച്ചു. 40 ദിവസത്തെ പരോളാണ് ഗുര്‍മീതിന് ലഭിച്ചിരിക്കുന്നത്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മെഗാ ശുചിത്വ കാംപയിന് തുടക്കംകുറിച്ചിരിക്കുകയാണ് ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം. തിങ്കളാഴ്ച ഹരിയാനയിലും മറ്റ് ചില സംസ്ഥാനങ്ങളിലും തന്റെ സംഘടനയുടെ സന്നദ്ധപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മെഗാ ശുചിത്വ കാംപയിന്‍ ഗുര്‍മീത് ഉദ്ഘാടനം ചെയ്തു.

രാജ്യസഭാ എംപി കൃഷന്‍ ലാല്‍ പന്‍വാറും മുന്‍ മന്ത്രി കൃഷന്‍ കുമാര്‍ ബേദിയും ഉള്‍പ്പെടെ ഹരിയാനയില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഓണ്‍ലൈനായി പങ്കെടുത്ത ബിജെപി നേതാക്കളും മറ്റുള്ളവരും ജനുവരി 25ന് ദേരാ മുന്‍ മേധാവി ഷാ സത്‌നം സിങ്ങിന്റെ ജന്‍മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി എം എല്‍ ഖട്ടാറിന്റെ ഒഎസ്ഡി (Officer on Special Duty) കൂടിയായ ബേദിയും പന്‍വാറും ശുചിത്വ യജ്ഞത്തെ പ്രശംസിച്ചു. താനും പന്‍വാറും സിര്‍സ ദേര സന്ദര്‍ശിക്കുകയും ഫെബ്രുവരി 3 ന് നര്‍വാനയില്‍ സന്ത് രവിദാസ് ജയന്തിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ചടങ്ങിലേക്കുള്ള ക്ഷണം കൈമാറിയതായും മുന്‍ മന്ത്രി പറഞ്ഞു.

'നിങ്ങളുടെ നല്ല ആരോഗ്യത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, നിങ്ങളുടെ അനുഗ്രഹം എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാവണം,'- പന്‍വാര്‍ ഗുര്‍മീതിനോട് പറഞ്ഞു. മൂന്നുമാസങ്ങള്‍ക്കു മുമ്പാണ് ഗുര്‍മീതിന് അവസാനം പരോള്‍ ലഭിച്ചത്. 20 വര്‍ഷത്തെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് ഹരിയാനയിലെ സുനൈരാ ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു.

1948ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ബലാല്‍സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നുവെന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയമാക്കിയിരുന്നുവെന്നാണ് കേസ്. ഒടുവില്‍ 2017ലാണ് ബലാല്‍സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് 2002ല്‍ ദേരാ മാനേജരായ രഞ്ജിത് സിങ്ങിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഗിര്‍മീതിനെ ശിക്ഷിച്ചിരുന്നു.

Tags:    

Similar News