കൊവിഡ്: മൃതദേഹം ബലമായി ദഹിപ്പിക്കുന്നു; പ്രതിഷേധവുമായി ശ്രീലങ്കന്‍ മുസ്‌ലിംകള്‍

കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനു ശേഷം ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഒരു ഡസനിലധികം മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ കുടുംബങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അധികൃതര്‍ ബലമായി ദഹിപ്പിച്ചിട്ടുണ്ട്.

Update: 2020-12-18 14:41 GMT

കൊളംബോ: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബലമായി ദഹിപ്പിക്കുന്ന അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധവുമായി ശ്രീലങ്കയിലെ മുസ്‌ലിംകള്‍. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനു ശേഷം ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഒരു ഡസനിലധികം മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ കുടുംബങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അധികൃതര്‍ ബലമായി ദഹിപ്പിച്ചിട്ടുണ്ട്.

മൃതദേഹങ്ങള്‍ കുടുംബത്തിന്റെ ഇഷ്ടം പരിഗണിച്ച് കബറടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാമെന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കൊറോണ വൈറസ് ബാധ മൂലം മരിക്കുന്നവരുടെ അത്തരത്തില്‍ സംശയിക്കപ്പെടുന്നവരുടേയും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് നിര്‍ബന്ധമാക്കി കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീലങ്കന്‍ ഭരണകൂടം ഉത്തരവിറക്കിയത്.


ഡിസംബര്‍ 9ന് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള ബൊറെല്ലയിലെ ഒരു സെമിത്തേരിയില്‍ ഷെയ്ഖ് എന്ന ബാലനെ ബലമായി ദഹിപ്പിച്ചിരുന്നു. ഇസ്‌ലാമിക സംസ്‌കാരച്ചടങ്ങുകള്‍ നിഷേധിച്ച് ദഹിപ്പിച്ച 15 മുസ്‌ലിംകളില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഇത്.

തന്റെ മകന്റെ മൃതദേഹം ദഹിപ്പിക്കുന്നതിന് സാക്ഷ്യംവഹിക്കാന്‍ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് ഷെയ്ഖിന്റെ പിതാവ് എംഎഫ്എം ഫാഹിം അല്‍ ജസീറയോട് പറഞ്ഞു. തന്റെ കുഞ്ഞിനെ ചുട്ടുകൊല്ലുന്ന ഒരിടത്തേക്ക് പോകാന്‍ തനിക്ക് കഴിയില്ലെന്ന് താന്‍ അവരോട് പറഞ്ഞു. രക്ഷിതാക്കള്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് സമ്മതം നല്‍കുന്ന രേഖകളില്‍ ഒപ്പിടാതിരുന്നപ്പോള്‍ ശവസംസ്‌കാരവുമായി എങ്ങനെ മുന്നോട്ട് പോകുമെന്ന് തന്റെ സുഹൃത്തുക്കളും കുടുംബവും അധികാരികളോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ബലപ്രയോഗത്തിലൂടെ ദഹിപ്പിക്കുന്നതിന് പകരം അവനെ അടക്കം ചെയ്യാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കുമായിരുന്നുവെന്നും ഫാഹിം അല്‍ ജസീറയോട് പറഞ്ഞു.

Tags:    

Similar News