യുപിയിലെ അക്ബര്‍നഗറില്‍ ബുള്‍ഡോസര്‍ രാജ് തുടരുന്നു; ഒമ്പത് ദിവസത്തിനിടെ തകര്‍ത്തത് 1,200 കെട്ടിടങ്ങള്‍

Update: 2024-06-19 11:58 GMT

ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഉത്തര്‍പ്രദേശിലെ അക്ബര്‍ നഗറില്‍ നടപ്പാക്കിയ ബുള്‍ഡോസര്‍രാജ് തുടരുന്നു. ഒമ്പത് ദിവസത്തിനിടെ 1,200ലധികം കെട്ടിടങ്ങളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുസ് ലിം ഭൂരിപക്ഷമേഖലയായ കുക്രയില്‍ നദിയുടെ പുനരുജ്ജീവനത്തിന്റെയും കൈയേറ്റമൊഴിപ്പിക്കലിന്റെയും പേരിലാണ് വന്‍തോതില്‍ പൊളിച്ചുമാറ്റുന്നത്. ബദല്‍ സംവിധാനം ഒരുക്കാതെ കുടിയൊഴിപ്പിക്കരുതെന്ന സുപ്രിംകോടതി നിര്‍ദേശം പോലും പാലിക്കാതെയാണ് ബുള്‍ഡോസര്‍രാജ് നടപ്പാക്കുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പ് കാര്യമാക്കാതെയാണ് ചേരി നിവാസികളെ ഉള്‍പ്പെടെ കുടിയൊഴിപ്പിക്കുന്നത്. ലഖ്‌നോ ഡവലപ്‌മെന്റ് അതോറിറ്റി (എല്‍ഡിഎ) ജൂണ്‍ 10നാണ് പൊളിക്കല്‍ യജ്ഞം തുടങ്ങിയത്. അക്ബര്‍നഗര്‍ ഒന്നിലും രണ്ടിലുമായി 1,068 പാര്‍പ്പിടങ്ങളും 101 വാണിജ്യ കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. രണ്ടുദിവസത്തിനകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് ഷിഫ്റ്റുകളിലായി 42 ബുള്‍ഡോസറുകളാണ് കൂട്ട കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്.

    കഴിഞ്ഞ വര്‍ഷമാണ് കുക്രയില്‍ നദിയുടെ തീരങ്ങളിലെ അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി എല്‍ഡിഎ(ലഖ്‌നോ ഡവലപ്‌മെന്റ് അതോറിറ്റി) അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. നദീതീരം ചേരി നിവാസികള്‍ ഏറെക്കാലമായി അനധികൃതമായി കൈയടക്കിയിരിക്കുകയാണെന്നായിരുന്നു അതോറിറ്റിയുടെ വാദം. ചേരിയിലെ എല്ലാ അഴുക്കുചാലുകളും ഗോമതി നദിയിലേക്ക് ഒഴുകുന്ന കുക്രെയ്ല്‍ ജല ചാനലിലേക്ക് ഒഴുക്കിവിടുന്നെന്നാണ് ആരോപണം. തുടര്‍ന്ന് സ്ഥലം ഒഴിയാന്‍ മാര്‍ച്ച് 31 വരെ അലഹബാദ് ഹൈക്കോടതി സമയം അനുവദിച്ചു. ശേഷം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എല്‍ഡിഎയ്ക്ക് തുറന്നുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബദല്‍ താമസസൗകര്യം നല്‍കാതെ ഒരു ചേരി നിവാസികളെയും ഒഴിപ്പിക്കരുതെന്ന് മെയ് 10ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വീടുകള്‍ നഷ്ടപ്പെടുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് എല്‍ഡിഎ ഉറപ്പുനല്‍കുകയും ചെയ്തതാണ്. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് വന്‍തോതില്‍ കുടിയൊഴിപ്പിക്കുന്നത്. ഹരജിക്കാരുടെ വാദം പ്രകാരം 1158 ഓളം നിര്‍മാണങ്ങളാണ് നീക്കം ചെയ്യേണ്ടത്. സംസ്ഥാനത്തെ നദികളുടെയും മറ്റ് ജലാംശങ്ങളുടെയും തീരത്തെ കൈയേറ്റങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News