രാജ്യത്ത് 24 മണിക്കൂറിനിടെ 20,903 കൊവിഡ് കേസുകള്‍: 379 മരണം

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.

Update: 2020-07-03 04:45 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതോടെ പ്രതിദിന കണക്കില്‍ വലിയ വര്‍ധനയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,25,544 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 379 പേരാണ് വൈറസ് മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 18,213 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 2,27,439 ആക്ടീവ് കേസുകളാണ് ഉള്ളത്. 3,79,892 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 6330 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കേസുകള്‍ 1,86,626 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ ആദ്യമായി കൊവിഡ് കേസുകള്‍ 4000 കടന്നു. 4343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. ഡല്‍ഹിയില്‍ ഇന്നലെ 2373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 92175 ആയി ഉയര്‍ന്നു. 61 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2864 ആയി ഉയര്‍ന്നു. കര്‍ണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി.







Tags:    

Similar News