മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം
ഗുരുതരാവസ്ഥയിലായ രോഗികളെ ചികില്‍സിക്കുന്നതിന് ഇത് വലിയതോതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയക്കാന്‍ അയല്‍സംസ്ഥാനങ്ങളോട് അഭ്യര്‍ഥിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ അനുദിനം കഴിയുന്തോറും കുതിച്ചുയരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികളെ ചികില്‍സിക്കുന്നതിന് അപര്യാപ്തത നേരിടുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 55,000 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാണ്.
ഗുരുതരാവസ്ഥയിലായ രോഗികളെ ചികില്‍സിക്കുന്നതിന് ഇത് വലിയതോതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയക്കാന്‍ അയല്‍സംസ്ഥാനങ്ങളോട് അഭ്യര്‍ഥിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൂനെയിലെ ആശുപത്രിയില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ഓക്‌സിജന്‍ ആവശ്യമുള്ള കൊവിഡ് രോഗികളെ ആശുപത്രി വരാന്തയില്‍ കിടത്തി ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവുന്ന ദുരവസ്ഥ പുറത്തുവന്നിരുന്നു.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും ഉയര്‍ന്നുകൊണ്ടിരിക്കെ സ്ഥിതിഗതികള്‍ നേരിടാന്‍ സംസ്ഥാനത്ത് ഇതിനകം വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മാത്രം 10,030 കേസുകളും 31 മരണങ്ങളും റിപോര്‍ട്ട് ചെയ്തതായാണ് കണക്ക്. പൂനെയില്‍ 11,040 കേസുകളും 34 മരണങ്ങളും നാസിക്കില്‍ 4,350 കേസുകളും 24 മരണങ്ങളും നാഗ്പൂരില്‍ 3,753 കേസുകളും 35 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച സംസ്ഥാനത്ത് ആകെ 47,288 കേസുകളും 155 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന ആശങ്ക പടര്‍ത്തുകയാണ്. മുംബൈ കോര്‍പറേഷന്‍ അധികാരികള്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി ശിവസേന നേതാവ് ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. ഞങ്ങളുടെ മുന്‍നിര തൊഴിലാളികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി, ഞങ്ങളുടെ പരിശോധനയും രോഗനിര്‍ണയവും അതിവേഗത്തിലാണ്.
ആവശ്യത്തിന് ഓക്‌സിജനുള്ള 23,000 കിടക്കകളിലേക്ക് ശേഷി വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ ഐസിയു കിടക്കകളില്‍ ഗണ്യമായ വര്‍ധനവുണ്ടാവും- താക്കറെ ട്വീറ്റ് ചെയ്തു. എല്ലാ പ്രായക്കാര്‍ക്കും വാക്‌സിനേഷന്‍ അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, ആദ്യം മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും എല്ലാം ഒറ്റയടിക്ക് നല്‍കില്ലെന്നുമാണ് കേന്ദ്രം അറിയിച്ചത്.