രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് മോഹന്‍ ഭാഗവത്; എന്നാണ് തന്റെ കല്ല്യാണമെന്ന് ചോദിച്ച് ഉവൈസി

മൂന്നുകുട്ടികള്‍ വേണമെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. മോഹന്‍ ഭാഗവത് സാബ്, താങ്കള്‍ എപ്പോഴാണ് കല്യാണം കഴിക്കുക അത് ആദ്യം പറയൂ.

Update: 2024-12-03 07:07 GMT

ഹൈദരാബാദ്: ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും വേണമെന്ന ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് ചുട്ടമറുപടി നല്‍കി ഓള്‍ ഇന്‍ഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ ബാരിസ്റ്റര്‍ അസദുദ്ദീന്‍ ഉവൈസി. കുട്ടികളെ കൂടുതലുണ്ടാക്കുന്നവര്‍ക്ക് താന്‍ 1500 രൂപ വീതം നല്‍കുമോയെന്ന് ഉവൈസി ചോദിച്ചു.

'' എനിക്ക് മോഹന്‍ ഭാഗവതിനോട് ചിലത് ചോദിക്കാനുണ്ട്. കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവര്‍ക്ക് എന്തായിരിക്കും താന്‍ നല്‍കുക. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരുടെ അക്കൗണ്ടില്‍ 1500 രൂപ വച്ച് ഇട്ടുകൊടുക്കുമോ ? ഇതിനായി പ്രത്യേക പദ്ധതി രൂപീകരിക്കുമോ ? തന്നോട് അടുപ്പമുള്ളയാളെ മുഖ്യമന്ത്രിയായി നിയമിക്കാന്‍ ശ്രമിക്കുന്ന സമയമാണല്ലോ ഇത്. അപ്പോള്‍ പദ്ധതിയും പ്രഖ്യാപിക്കാവുന്നതാണ്.''-ഉവൈസി പറഞ്ഞു.

''മൂന്നുകുട്ടികള്‍ വേണമെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. മോഹന്‍ ഭാഗവത് സാബ്, താങ്കള്‍ എപ്പോഴാണ് കല്യാണം കഴിക്കുക അത് ആദ്യം പറയൂ. മൂന്നു കുട്ടികളെ കുറിച്ചാണ് താങ്കള്‍ പറയുന്നത്. എനിക്ക് അഞ്ചെണ്ണമുണ്ട്.''

'' രണ്ടിലധികം കുട്ടികളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ നല്‍കരുതെന്നാണ് ബിജെപി എംപിമാര്‍ പറയുന്നത്. അതിനാല്‍, ഇനി ആര്‍എസ്എസുകാര്‍ കല്യാണം കഴിച്ചു തുടങ്ങണം. സ്വന്തം നയം അവര്‍ പാലിക്കണം.''- ഉവൈസി പരിഹസിച്ചു.

ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ശാഹീ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വെയുമായി ബന്ധപ്പെട്ട കോടതി വിധിയേയും ഉവൈസി ചോദ്യം ചെയ്തു. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് എന്തിനാണ് സര്‍വേക്ക് സിവില്‍ കോടതി അനുമതി നല്‍കിയതെന്ന് ഉവൈസി ചോദിച്ചു. ''ആര്‍ക്കു വേണമെങ്കിലും പള്ളിയില്‍ പോവാം, അവിടെ ഇരിക്കാം, ആരും അവരെ തടയില്ല''-ഉവൈസി പറഞ്ഞു.

രാജസ്ഥാനിലെ 800 വര്‍ഷം പഴക്കമുള്ള അജമീര്‍ ദര്‍ഗയിലാണ് ഇപ്പോള്‍ ചിലര്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്നും ഉവൈസി പറഞ്ഞു. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് നിര്‍മിക്കപ്പെട്ട ഈ ദര്‍ഗയെ കുറിച്ച് മിര്‍ കുര്‍സുവിന്റെ പതിമൂന്നാം നൂറ്റാണ്ടിലെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. പക്ഷെ, 800 വര്‍ഷത്തിന് ശേഷം നിങ്ങള്‍ പറയുകയാണ് അത് ദര്‍ഗയല്ലെന്ന് !

ഇന്ത്യയുടെ രണ്ട് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ വരെ എല്ലാ കൊല്ലവും ദര്‍ഗയില്‍ എത്തുന്നുണ്ട്. ഇന്ത്യ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും ദര്‍ഗയിലേക്ക് ചാദര്‍ കൊടുത്തയക്കാറുണ്ട്. നരേന്ദ്രമോദി തന്നെ പത്ത് തവണ ചാദര്‍ കൊടുത്തു. എന്തായിരിക്കും അജ്മീര്‍ ദര്‍ഗ വിഷയത്തില്‍ മോദിയുടെ പ്രതികരണം.?

ജൈന, ബുദ്ധ സമുദായങ്ങള്‍ ഏതെങ്കിലും ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ പോയാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നും ഉവൈസി ചോദിച്ചു. ''എഐ സാങ്കേതിക വിദ്യയെ മറന്ന് നാം ഇപ്പോള്‍ എഎസ്‌ഐ എന്നു മാത്രം പറയണം. എഐ സാങ്കേതിക വിദ്യയെ കുറിച്ച് നാം സംസാരിക്കരുത്. എഎസ്‌ഐ എഎസ്‌ഐ എന്നു പറയുക. വെറുതെ കുഴിച്ചുകൊണ്ടിരിക്കുക.''

ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് താന്‍ അക്കാലത്ത് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉവൈസി പറഞ്ഞു. ''ചീഫ്ജസ്റ്റീസായിരുന്ന ഡി വൈ ചന്ദ്രചൂഡ് നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമായിരുന്നു. ഇപ്പോള്‍ 15 സ്ഥലത്താണ് പ്രശ്‌നങ്ങളുള്ളത്.''-ഉവൈസി പറഞ്ഞു.


Full View


Tags:    

Similar News