ക്വട്ടേഷന്‍ ബന്ധമെന്ന ആരോപണം; മനു തോമസിനെതിരേ വക്കീല്‍ നോട്ടീസ് അയച്ച് പി ജയരാജന്റെ മകന്‍

Update: 2024-06-28 10:24 GMT

കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചതിന് പാര്‍ട്ടിവിട്ട സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി വ്യക്തിഹത്യ നടത്തിയതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസിലുള്ളത്. അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഏഷ്യാനെറ്റ് ന്യൂസ്, ചാനല്‍ അവതാരകന്‍ അനൂപ് ബാലചന്ദ്രന്‍ എന്നിവരെയും കക്ഷി ചേര്‍ത്താണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ചാനലിലെ ചര്‍ച്ചയ്ക്കിടെ മനുതോമസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ പിതാവായ പി ജയരാജനോടുള്ള വ്യക്തിവൈരാഗ്യം കാരണമാണെന്നും വിദേശത്ത് ജോലി ചെയ്യുന്ന തനിക്ക് മാനനഷ്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

    വിദേശത്ത് മാന്യമായി ജോലിചെയ്ത് ജീവിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് പിതാവിനേയും പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കുകയാണ്. 'റെഡ് ആര്‍മി' പേജിന്റെ അഡ്മിന്‍ താനല്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ജെയിന് ബന്ധമുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് അദ്ദേഹമാണെന്നും മനു ആരോപിച്ചിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കോഓഡിനേറ്ററാണ് പി ജയരാജന്റെ മകന്‍, ഇവര്‍ക്ക് വഴിവിട്ട ബിസിനസുകള്‍ ഉണ്ട്, റെഡ് ആര്‍മിക്കു പിന്നില്‍ പി ജയരാജന്റെ മകന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് നോട്ടീസ് അയച്ചത്.

    സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎമ്മിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി മനു തോമസ് നല്‍കിയ പരാതിയില്‍ തെറ്റ് തിരുത്തിയില്ലെന്നു പറഞ്ഞാണ് മനു തോമസ് സിപിഎം വിട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തന്നെ മനുവിനെ തള്ളിപ്പറയുകയും പാര്‍ട്ടിയില്‍ ഒരു നേതാവും സ്വര്‍ണക്കടത്ത് സംഘത്തെ സംരക്ഷിക്കുന്നില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മനു തോമസ് തനിക്കെതിരേ മാധ്യമങ്ങളിലൂടെ പരാമര്‍ശം നടത്തിയെന്നു പറഞ്ഞ് പി ജയരാജന്‍ തന്നെ രംഗത്തെത്തുകയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും ടി പി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയും മനു തോമസിനെതിരേ രംഗത്തെത്തിയതോടെ വിവാദം ആളിക്കത്തി. ആകാശ് തില്ലങ്കേരി ഭീഷണി സന്ദേശം പിന്‍വലിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പോര് കടുക്കുകയാണ്.

Tags:    

Similar News