അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ പുതുക്കി പണിയണം: പാക് സുപ്രിംകോടതി
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
ഇസ്‌ലാമാബാദ്: അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഉടന്‍ നടത്താന്‍ ഉത്തരവിട്ട് പാക് സുപ്രിംകോടതി.ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായുള്ള ഏകാംഗ കമ്മീഷന്റെ റിപോര്‍ട്ടിനു പിന്നാലെയാണ് പാക് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്.
ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി പ്രദേശത്തെ ക്ഷേത്രം ഒരു സംഘം അഗ്നിക്കിരയാക്കിയത്. 1920ലെ ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രം തകര്‍ത്തത്. കഴിഞ്ഞ മാസം ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പ്രവിശ്യാ സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രിംകോടതി ഇതിന്റെ സമയപരിധി നിശ്ചയിച്ച് അറിയിക്കാനും ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുന്നത്. 1997ലും ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം പുനരുദ്ധരിച്ച ക്ഷേത്രമാണ് അഗ്‌നിക്കിരയാക്കിയത്.
രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായി സുപ്രിംകോടതി നിയോഗിച്ച ഏകാംഗ കമ്മീഷന്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. 2019ലാണ് സുപ്രിംകോടതി ഷോയ്ബ് സെയ്ദ് കമ്മീഷന് രൂപം നല്‍കിയത്.