കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്താന്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍
പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താന്‍ മുസ് ലിം ലീഗ് നവാസ്(പിഎംഎല്‍എന്‍) അടുത്ത മാസം പ്രതിഷേധത്തിന് ആസൂത്രണം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.
2008 മുതല്‍ 2018 വരെ പഞ്ചാബ് പ്രവിശ്യയില്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച 69 കാരനായ ഷഹബാസിനും കുടുംബത്തിനുമെതിരേ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ് ച കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ അക്കൗണ്ടുകളിലൂടെ ഷഹബാസും മക്കളായ ഹംസയും സല്‍മാനും കള്ളപ്പണം വെളുപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഷഹസാദ് അക്ബര്‍ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഷഹബാസിന്റെ കുടുംബത്തില്‍ സംശയാസ്പദമായ 177 ഇടപാടുകള്‍ ഫിനാന്‍ഷ്യല്‍ മോണിറ്ററിങ് യൂനിറ്റ് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഷഹബാസിന്റെയും മക്കളുടെയും ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ വഴി കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. അതേസമയം, ഇംറാന്‍ ഖാന്റെയും എന്‍എബിയുടെയും അവിശുദ്ധ സഖ്യമാണ് എന്നെ തടവിലിടാന്‍ ശ്രമിക്കുന്നതെന്നു ഷഹബാസ് പറഞ്ഞു. തന്റെ മൂത്ത സഹോദരനെ ഉപേക്ഷിക്കാത്തതിനാലാണ് ഷഹബാസിനെ അറസ്റ്റ് ചെയ്തതെന്ന് പിഎംഎല്‍എന്‍ വക്താവ് മറിയം നവാസ് പറഞ്ഞു.
ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്നും പ്രതികാര രാഷ്ട്രീയത്തിന് ഞങ്ങളെ തളര്‍ത്താനാവില്ലെന്നും അവര്‍ പറഞ്ഞു. ഇറാന്‍ ഖാന്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്താന്‍ ഡെമോക്രാറ്റിക് സഖ്യം രൂപീകരിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ആശങ്കാകുലനാണെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. ഒരാഴ്ച മുമ്പ് നടന്ന കോണ്‍ഫറന്‍സില്‍ നവാസ് ഷെരീഫ് സൈന്യത്തിനെതിരേ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ലണ്ടനില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തില്‍ സംസാരിച്ച ഷെരീഫ്, രാഷ്ട്രീയത്തില്‍ സൈന്യത്തിന്റെ ഇടപെടലിനെക്കുറിച്ച് രാജ്യത്ത് സംസ്ഥാനത്തിന് മുകളില്‍ ഒരു സംസ്ഥാനമുണ്ടെന്നായിരുന്നു പരാമര്‍ശിച്ചത്. നവാസ് ഷെരീഫിനെയും മകളും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവരെ 2018 ജൂലൈ 6ന് അവെന്‍ഫീല്‍ഡ് സ്വത്ത് കേസില്‍ ശിക്ഷിച്ചിരുന്നു. 2017 ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷെരീഫിനെ 2018 ഡിസംബറില്‍ അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, രണ്ട് കേസുകളിലും ജാമ്യം ലഭിക്കുകയും ചികില്‍സയ്ക്കായി ലണ്ടനിലേക്ക് പോവാന്‍ അനുവദിക്കുകയും ചെയ്തു. മടങ്ങിവരാന്‍ എട്ട് ആഴ്ച അവധി നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മടങ്ങിവരാനായിട്ടില്ല. സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ജിയുഐഎഫ് മേധാവി മൗലാന ഫസലുര്‍റഹ്മാന് എന്‍എബി ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്.