ഭരണം ഉറപ്പിക്കാന്‍ വിമതരെ ഭീഷണിപ്പെടുത്തി ഇമ്രാന്‍ ഖാന്‍; പാര്‍ലമെന്റില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്
ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പരാജയത്തെതുടര്‍ന്ന് പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇസ്‌ലാമാബാദ്: വിമത ഭീഷണികള്‍ക്കിടയിലും പാക് പാര്‍ലമെന്റില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എതിര്‍ത്തു വോട്ട് ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന ഭീഷണിയും ഭരണകക്ഷി മുഴക്കിയിട്ടുണ്ട്. ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പരാജയത്തെതുടര്‍ന്ന് പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഖാന്‍ സര്‍ക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) വെള്ളിയാഴ്ച തീരുമാനിച്ചതിനാല്‍ പ്രതിപക്ഷമില്ലാതെയാവും വിശ്വാസ വോട്ടെടുപ്പ് നടക്കുക.പ്രസിഡന്റ് ആരിഫ് ആല്‍വിയുടെ നിര്‍ദേശപ്രകാരം പ്രത്യേക ദേശീയ അസംബ്ലി സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിശ്വാസ വോട്ടെടുപ്പ് മാത്രമാണ് ഇന്നത്തെ സമ്മേളനത്തിലെ ഏക അജണ്ട.വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പ്രമേയം അവതരിപ്പിക്കും. 341 അംഗ സഭയില്‍ ഇമ്രാന്‍ 171 വോട്ടുകളാണ് ഖാന് അധികാരത്തില്‍ തുടരാന്‍ ലഭിക്കേണ്ടത്. ഭരണകക്ഷിയായ പാകിസ്താന്‍ തെഹ്രീക് ഇന്‍സാഫിന് (പിടിഐ) ദേശീയ അസംബ്ലിയില്‍ 157 അംഗങ്ങളുണ്ടെന്നും സഖ്യകക്ഷികള്‍ ഉള്‍പ്പെടെ 180 ലധികം അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
10 പാര്‍ട്ടികള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യമായ പിഡിഎം സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തില്‍ പിഡിഎമ്മിലെ ഒരു അംഗവും പങ്കെടുക്കില്ലെന്ന് ജെയുഐഎഫും പിഡിഎം മേധാവിയുമായ മൗലാന ഫസലുര്‍ റഹ്മാനും പറഞ്ഞു. സെനറ്റ് തിരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ത്ഥിയുടെ വിജയം തന്നെ പ്രധാനമന്ത്രിക്കെതിരായ ധാര്‍മ്മിക വിജയമാണെന്നും അദ്ദേഹം പറഞ്ഞു.ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ് പിഡിഎം ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്.
പിഡിഎം സ്ഥാനാര്‍ത്ഥിയും മുന്‍ പ്രധാനമന്ത്രിയുമായ യൂസഫ് റാസ ഗിലാനിയാണ് ബുധനാഴ്ച ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്രീക് ഇന്‍ ഇന്‍സാഫ് (പിടിഐ) സ്ഥാനാര്‍ത്ഥിയായ ഷെയ്ഖിനെ പരാജയപ്പെടുത്തിയത്.