അഫ്ഗാന്‍ താലിബാന് 'വ്യോമ പിന്തുണ'; ആരോപണം തള്ളി പാകിസ്താന്‍
അഫ്ഗാനും പാകിസ്താനുമിടയിലെ നിര്‍ണായക അതിര്‍ത്തി ക്രോസിങ് താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ പാകിസ്താന്‍ വ്യോമ പിന്തുണ നല്‍കിയെന്നായിരുന്നു അഫ്ഗാന്‍ പ്രഥമ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ ആരോപണം.
ഇസ്‌ലാമാബാദ്: അഫ്ഗാന്‍ താബിലാന് പാക് സൈന്യം 'വ്യോമ പിന്തുണ' നല്‍കിയെന്ന ഉന്നത അഫ്ഗാന്‍ നേതാവിന്റെ അരോപണം തള്ളി ഇസ്‌ലാമാബാദ്. അഫ്ഗാനും പാകിസ്താനുമിടയിലെ നിര്‍ണായക അതിര്‍ത്തി ക്രോസിങ് താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ പാകിസ്താന്‍ വ്യോമ പിന്തുണ നല്‍കിയെന്നായിരുന്നു അഫ്ഗാന്‍ പ്രഥമ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ ആരോപണം.
ഈ ആഴ്ച ആദ്യം കാന്ദഹാര്‍ പ്രവിശ്യയിലെ പാക് അതിര്‍ത്തിയായ സ്പിന്‍ ബോള്‍ഡാക്കിന്റെ നിയന്ത്രണം അഫ്ഗാന്‍ താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ പാക് സൈന്യം അവര്‍ പിന്തുണ നല്‍കിയെന്നാണ് അംറുല്ല സാലിഹ് വ്യാഴാഴ്ച ആരോപിച്ചത്. താലിബാനെ സ്പിന്‍ ബോള്‍ഡാക്ക് പ്രദേശത്ത് നിന്ന് പുറത്താക്കാനുള്ള ഏതൊരു നീക്കത്തെയും പാക് വ്യോമസേന നേരിടുകയും പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് പാക് വ്യോമസേന അഫ്ഗാന്‍ സൈന്യത്തിനും വ്യോമസേനയ്ക്കും ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിയതായും സാലിഹ് ആരോപിച്ചിരുന്നു. കൂടാതെ മറ്റു ചില പ്രദേശങ്ങളിലും പാകിസ്താന്‍ താലിബാന് അടുത്ത പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍, പാക് വ്യോമ മേഖലയുടെ സംരക്ഷണത്തിനായി പാക് വ്യോമസേന ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി വെള്ളിയാഴ്ച പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനിലെ ചമന്‍ സെക്ടറിന് എതിര്‍വശത്തുള്ള തങ്ങളുടെ അതിര്‍ത്തി പ്രദേശത്ത് വ്യോമാക്രമണം നടത്താനുള്ള ഉദ്ദേശം അഫ്ഗാന്‍ സൈന്യം പാകിസ്താനെ അറിയിച്ചിട്ടുണ്ടെന്നും പാകിസ്താന്‍ അതിനു അനുമതി നല്‍കിയിട്ടുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.