പാക് വിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന് സൈനികമേധാവികള്‍
പാകിസ്താന്‍ കസ്റ്റഡിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ നാളെ മോചിപ്പിക്കപ്പെടുന്നതില്‍ സേനയ്ക്കു സന്തോഷമുണ്ട്.
ന്യൂഡല്‍ഹി: പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്നും ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും ഇന്ത്യയുടെ സൈനിക മേധാവികള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ-തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ടാണ് പാക് വിമാനങ്ങളെത്തിയതെന്നും ബ്രിഗേഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സും സാങ്കേതിക യുനിറ്റുമാണ് ലക്ഷ്യമിട്ടതെന്നും മേജര്‍ ജനറല്‍ സുരേന്ദ്ര സിങ് മഹല്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തിനു ശേഷം ഇന്ത്യ-പാക് യുദ്ധസമാന സാഹചര്യമുണ്ടായ ശേഷം ആദ്യമായി നടത്തിയ വ്യോമ-കര-നാവിക സേനാ മേധാവികളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്റെ എഫ് 16 അമ്രാം പോര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും സൈനിക മേധാവികള്‍ പ്രദര്‍ശിപ്പിച്ചു. നേരത്തേ എഫ് 16 പോര്‍ വിമാനം ഉപയോഗിച്ചില്ലെന്നായിരുന്നു പാകിസ്താന്‍ വാദിച്ചിരുന്നത്. ഇത് തെറ്റാണെന്നു തെളിയിക്കുകയായിരുന്നു ഇന്ത്യന്‍ സേന.27ന് പാക് വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്കു സമീപമെത്തി. 27നു രാത്രി അതിര്‍ത്തി ലംഘിച്ചു. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാജ്യത്തിനു വേണ്ടി ഒന്നിച്ചുനില്‍ക്കും. പാകിസ്താന്‍ ആദ്യം തെറ്റായ പ്രസ്താവനകള്‍ നടത്തി. ബാലാകോട്ട് ആക്രമണം ലക്ഷ്യംകണ്ടു. ഇതിന്റെ ആഘാതം എത്രയെന്ന് വിലയിരുത്തി വരികയാണ്. പാകിസ്താന്‍ കസ്റ്റഡിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ നാളെ മോചിപ്പിക്കപ്പെടുന്നതില്‍ സേനയ്ക്കു സന്തോഷമുണ്ട്. പാക്ക് ആക്രമണത്തില്‍ ഇന്ത്യയ്ക്ക് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. ഇന്ത്യയ്ക്ക് ഒരു മിഗ് വിമാനം നഷ്ടപ്പെട്ടു. പാക്കിസ്താന്റെ ഒരു എഫ്-16 വിമാനം വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ വിമാനം തകര്‍ത്തു. ഇന്ത്യന്‍ ഭാഗത്തു രജൗരിക്കു കിഴക്കായി എഫ്-16 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നും എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ പറഞ്ഞു. തുടക്കംമുതല്‍ തന്നെ പാകിസ്താന്‍ വസ്തുതാവിരുദ്ധമായ വാദങ്ങളാണ് ഉയര്‍ത്തുന്നത്. അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പാക് വിമാനത്തെ ഇന്ത്യ തുരത്തുകയായിരുന്നു. പാക് വ്യോമസേന ബോംബുകള്‍ വര്‍ഷിച്ചു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് യാതൊരു നാശനഷ്ടവുമാണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, വൈകീട്ട് അഞ്ചിനു നടത്തുമെന്ന് അറിയിച്ചിരുന്ന വാര്‍ത്താസമ്മേളനം രാത്രി ഏഴിനേക്കു നീട്ടുകയായിരുന്നു. പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണു നീട്ടിവച്ചിരുന്നത്.