ചാരവൃത്തി: പാക് ജനറലിന് ജീവപര്യന്തം തടവ്; രണ്ടു സൈനിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ

ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ വിരമിച്ച ജാവേദ് ഇക്ബാലിനാണ് ജീവപര്യന്തം തടവ് ലഭിച്ചത്. പാക് നിയമപ്രകാരം ഇയാള്‍ 14 വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും.

Update: 2019-05-31 05:53 GMT

ഇസ്‌ലാമാബാദ്: ചാരവൃത്തി കേസില്‍ പാകിസ്താനില്‍ വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥനെ ജീവപര്യന്തം തടവിനും ഒരു ബ്രഗേഡിയറിനും ഒരു സിവില്‍ ഓഫിസര്‍ക്കും വധശിക്ഷയ്ക്കും ശിക്ഷിച്ചു. ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ വിരമിച്ച ജാവേദ് ഇക്ബാലിനാണ് ജീവപര്യന്തം തടവ് ലഭിച്ചത്. പാക് നിയമപ്രകാരം ഇയാള്‍ 14 വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും.

ഇതേ കേസില്‍ ഒരു ബ്രിഗേഡിയര്‍ റാങ്കിലുള്ള സൈനികനും ഒരു സിവിലിയന്‍ ഓഫിസര്‍ക്കും വധശിക്ഷയും വിധിച്ചു. ബ്രിഗേഡിയര്‍ റാങ്കില്‍ വിരമിച്ച രാജാ റിസ്‌വാനെയും, സൈന്യത്തില്‍ തന്നെ ജോലി ചെയ്യുന്ന സിവിലിയന്‍ ഡോക്ടറായ വസീം അക്രത്തിനെയുമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പാകിസ്താന്‍ സൈന്യം വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാരവൃത്തിയും ദേശീയ സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ വിദേശ ശക്തികള്‍ക്ക് ചോര്‍ത്തിയതുമാണ് ഇവര്‍ക്കെതിരായ കുറ്റം.

മൂവരുടെയും ശിക്ഷാ വിധിയില്‍ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഒപ്പുവച്ചു. അതേസമയം, ഏത് രീതിയിലുള്ള വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയതെന്നും ഏത് വിദേശ ഏജന്‍സിക്കാണ് ഇത് ചോര്‍ത്തിയതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ രണ്ട് സൈനിക ഉദ്യോഗസ്ഥരും ഈ കേസ് വരുന്നതിന് മുമ്പ് വിരമിച്ചിരുന്നോ എന്നതും വ്യക്തമല്ല. സ്വന്തമായ നിയമവും കോടതിയുമുള്ള പാക് സൈന്യത്തിന്റെ വിചാരണകള്‍ അടച്ചിട്ട മുറികളിലാണ് നടക്കാറുള്ളത്.

Tags:    

Similar News