പാലത്തായി കേസ്: പ്രതിയെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കടുത്ത വില നല്‍കേണ്ടി വരും- വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

അനാഥ ബാലിക അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവായ പ്രതിക്ക് അനുകൂലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ധാരണയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Update: 2020-09-20 07:18 GMT

കണ്ണൂര്‍: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്ക് കടുത്ത വില നല്‍കേണ്ടി വരുമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. അനാഥ ബാലിക അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവായ പ്രതിക്ക് അനുകൂലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ധാരണയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പാലത്തായിയില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും ബന്ധുക്കളെയും നേരില്‍ക്കണ്ട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു . കേസില്‍ തുടരന്വേഷണമല്ല, പുനരന്വേഷണമാണ് നടക്കേണ്ടത്. കുട്ടി മൊഴികള്‍ മാറ്റിപ്പറയുന്നു എന്നത് വാസ്തവ വിരുദ്ധമാണ്. പ്രതിയെ രക്ഷിക്കാനാവശ്യമായ തിരക്കഥകള്‍ പോലിസ് മെനഞ്ഞുണ്ടാക്കുകയാണ്. അതിലേക്കാവശ്യമായ രൂപത്തില്‍ എല്ലാ സംവിധാനങ്ങളെയും എത്തിക്കുകയെന്ന വളരെ അപകടകരമായ സ്ഥിതി വിശേഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. കുട്ടിയെ തന്റെ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് കുട്ടി തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും കുട്ടിയുടെ മൊഴിക്ക് വില നല്‍കാതെ ഇല്ലാത്ത സാഹചര്യ തെളിവുകളുടെ പിന്നാലെ പോലിസ് ഒന്നടങ്കം പോകുന്നത് പ്രതിയെ രക്ഷപ്പെടുത്താനല്ലെങ്കില്‍ മറ്റെന്തിനാണ്.

അധ്യാപകരും കൗണ്‍സിലര്‍മാരും പോലിസ് വിഭാഗങ്ങളും കുട്ടിയെക്കൊണ്ട് മൊഴി മാറ്റിപ്പറയിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ആ വിദ്യാലയത്തില്‍ നിന്നും വീട്ടില്‍ നിന്ന് തന്നെയും അടര്‍ത്തിമാറ്റി ഹോസ്റ്റലിലേക്ക് മാറ്റുവാനും പീഡകനായ പത്മരാജനെ ആ വിദ്യാലയത്തില്‍ തന്നെ അവരോധിച്ച് വാഴിക്കുവാനുമുള്ള അണിയറ നീക്കങ്ങള്‍ക്കാണ് രാഷ്ട്രീയക്കാര്‍ കളമൊരുക്കുന്നത്.

മാതാവിന്റെ സാമീപ്യം ഏറ്റവും കൂടുതല്‍ ലഭിക്കേണ്ട അവസരത്തില്‍ പിതാവ് നഷ്ടപെട്ട ഈ കുട്ടിയെ വീണ്ടും അനാഥത്വത്തിലേക്ക് തള്ളിയിടുന്ന സാഹചര്യം ഉണ്ടാകുന്നതില്‍ കുട്ടിയുടെ മാതാവും ഏറെ ആശങ്കകള്‍ പങ്കുവെച്ചു. ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ നീതി ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിമന്‍ ഇന്ത്യാ മുവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാസില നിസാറും റൈഹാനത്തിനൊപ്പം പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

Tags:    

Similar News