ചികില്‍സ നിഷേധിച്ചു; ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട് 18 വര്‍ഷവും എട്ടുമാസവും തടവിന് ശിക്ഷിക്കപ്പെട്ട 45 കാരനായ ദാവൂദ് അല്‍ഖത്തീബ് ആണ് ഇന്നലെ വൈകീട്ട് ഒഫര്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചത്.

Update: 2020-09-03 13:51 GMT

തെല്‍അവീവ്: കഴിഞ്ഞ എട്ടുവര്‍ഷമായി ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട് 18 വര്‍ഷവും എട്ടുമാസവും തടവിന് ശിക്ഷിക്കപ്പെട്ട 45 കാരനായ ദാവൂദ് അല്‍ഖത്തീബ് ആണ് ഇന്നലെ വൈകീട്ട് ഒഫര്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചത്.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ദാവൂദിന് മതിയായ ചികില്‍സ നല്‍കാന്‍ ഇസ്രായേല്‍ ജയില്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. ഇന്നലെ സെല്ലില്‍ കുഴഞ്ഞു വീണ ദാവൂദ് വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഇസ്രായേല്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

ഫലസ്തീനിലെ ഫത്തഹ് വിഭാഗത്തിലെ അംഗമായിരുന്ന ദാവൂദ് രണ്ടാം ഇന്‍തിഫാദയില്‍ അറസ്റ്റിലാവുകയും 2002 മുതല്‍ ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുകയുമായിരുന്നു. സെല്ലില്‍ കുഴഞ്ഞുവീണ ദാവൂദിനെ ജയില്‍ അധികൃതരും മെഡിക്കല്‍ സംഘവും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ജയില്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

അതേസമയം, അദ്ദേഹത്തിന്റെ മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന് വിട്ടുമാറാത്ത അസുഖങ്ങള്‍ ബാധിച്ചിരുന്നതായും ഇസ്രായേല്‍ ജയില്‍ അധികൃതര്‍ മതിയായ ചികില്‍സ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന് വേദനസംഹാരികള്‍ മാത്രമാണ് നല്‍കിയിരുന്നതെന്നും ഫലസ്തീന്‍ കുറ്റപ്പെടുത്തി. 1967 മുതല്‍ 226 ഫലസ്തീനികള്‍ ഇസ്രായേലി ജയിലുകള്‍ക്കുള്ളില്‍ മരിച്ചുവെന്ന് പലസ്തീന്‍ അതോറിറ്റി വ്യക്തമാക്കി.


Tags:    

Similar News