തെല്‍ അവീവിലെ ബ്രിട്ടീഷ് എംബസി ജറൂസലമിലേക്ക് മാറ്റാന്‍ നീക്കം; ശക്തമായ പ്രതിഷേധവുമായി ഫലസ്തീന്‍

ബ്രിട്ടീഷ് നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ലണ്ടനിലെ ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സുംലത്ത് ചൂണ്ടിക്കാട്ടി.

Update: 2022-09-23 18:18 GMT

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസും ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡും

ലണ്ടന്‍: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരേ ഫലസ്തീന്‍. ബ്രിട്ടീഷ് നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ലണ്ടനിലെ ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സുംലത്ത് ചൂണ്ടിക്കാട്ടി.ബ്രിട്ടീഷ് എംബസിയുടെ നിലവിലെ ആസ്ഥാനം പുനപ്പരിശോധിക്കാനുള്ള ആലോചന സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് യുഎന്‍ പൊതുസഭയുടെ ഭാഗമായി ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചക്കിടെ ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡിനെ അറിയിച്ചതായി ഡൗനിങ് സ്ട്രീറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടീഷ് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനെ കുറിച്ച് ക്രിയാത്മകമായി ആലോചിക്കുന്നതായി പ്രഖ്യാപിച്ച തന്റെ ബഹുമാന്യ സുഹൃത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് നന്ദി പറയുന്നതായി യേര്‍ ലാപിഡ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഡൗണിങ് സ്ട്രീറ്റിന്റെ പ്രസ്താവനയിലും ലാപിഡിന്റെ ട്വീറ്റിലും ഫലസ്തീന്‍ ശക്തമായ അതൃപ്തി പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് എംബസി മാറ്റുന്നതിനെ കുറിച്ച് പുനാരാലോചന നടത്തുമെന്ന് വ്യക്തമാക്കി, യു.എന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി ലിസ് ട്രസ് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതില്‍ വളരെയധികം വിഷമമുണ്ടെന്ന് അംബാസഡര്‍ ഹുസാം സുംലത്ത് ട്വീറ്റില്‍ പറഞ്ഞു.

തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെയ്ക്കുമെന്നും ജറൂസലമിലെയും മറ്റ് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സാഹചര്യം കൂടുതല്‍ വഷളാക്കുമെന്ന് ഹുസാം സുംലത്ത് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News