ഇസ്രായേലില്‍ നടന്ന 'നാണക്കേടിന്റെ ഉച്ചകോടിയെ' അപലപിച്ച് ഫലസ്തീന്‍ വിഭാഗങ്ങള്‍
'അധിനിവേശ നെഗേവിലെ നാണക്കേടിന്റെ ഉച്ചകോടി' എന്നും ഏഴു പതിറ്റാണ്ടിലേറെയായി ക്രൂരമായ ഇസ്രായേലി ആക്രമണങ്ങള്‍ സഹിച്ചുകൊണ്ടിരുന്ന ഫലസ്തീന്‍ ജനതയെ 'പിന്നില്‍നിന്നുള്ള കുത്തല്‍' എന്നുമാണ് ഗസ മുനമ്പില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉച്ചകോടിയെ ഫലസ്തീന്‍ വിഭാഗങ്ങള്‍ വിശേഷിപ്പിച്ചത്.
ഗസാ സിറ്റി: ഇസ്രായേല്‍ നഗരമായ നെഗേവില്‍ ചേര്‍ന്ന ഇസ്രയേലിന്റെയും അറബ് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ 'നോര്‍മലൈസേഷന്‍ ഉച്ചകോടി'യെ ശക്തമായി അപലപിച്ച് ഫലസ്തീനിലെ ദേശീയ ഇസ്‌ലാമിക വിഭാഗങ്ങളുടെ ഹൈ ഫോളോഅപ്പ് കമ്മിറ്റി.
ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ്, ഈജിപ്തിലെ സാമിഹ് ശൗക്രി, യുഎഇയില്‍ നിന്നുള്ള ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ്, ബഹ്‌റെയ്‌നില്‍ നിന്നുള്ള അബ്ദുല്ലത്തീഫ് അല്‍ സയാനി, മൊറോക്കോയിലെ നാസര്‍ ബൗറിറ്റ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
'അധിനിവേശ നെഗേവിലെ നാണക്കേടിന്റെ ഉച്ചകോടി' എന്നും ഏഴു പതിറ്റാണ്ടിലേറെയായി ക്രൂരമായ ഇസ്രായേലി ആക്രമണങ്ങള്‍ സഹിച്ചുകൊണ്ടിരുന്ന ഫലസ്തീന്‍ ജനതയെ 'പിന്നില്‍നിന്നുള്ള കുത്തല്‍' എന്നുമാണ് ഗസ മുനമ്പില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉച്ചകോടിയെ ഫലസ്തീന്‍ വിഭാഗങ്ങള്‍ വിശേഷിപ്പിച്ചത്.
സംരക്ഷണത്തിന്റെ മറവില്‍ അറബ് രാജ്യങ്ങളെയും അവരുടെ വിഭവങ്ങളെയും ഇസ്രായേല്‍ 'ചൂഷണം' ചെയ്യുകയാണെന്നും ഒരു പൊതു സുരക്ഷാ സഖ്യം രൂപപ്പെടുത്തുകയുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അറബ് ജനതയുടെ യഥാര്‍ത്ഥ ഭീഷണി സയണിസ്റ്റ് അധിനിവേശമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.നാറ്റോയിലേക്കുള്ള ഒരു വിപുലീകരണമെന്ന നിലയില്‍ അറബ്‌സയണിസ്റ്റ് സഖ്യത്തിന്റെ രൂപീകരണം മാര്‍ക്കറ്റ് ചെയ്യുകയാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു.
ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, സൈനിക, സാമ്പത്തിക ഇടപാടുകള്‍ തകരുമെന്നും ഫലസ്തീന്‍ വിഭാഗങ്ങള്‍ പ്രതീക്ഷപ്രകടിപ്പിച്ചു.