സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു: പാലോളി മുഹമ്മദ് കുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രനും കെഎന്‍എ ഖാദര്‍ എംഎല്‍എക്കുമൊപ്പം സഭാ ടിവി അഭിമുഖപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാലോളി മുഹമ്മദ് കുട്ടി.

Update: 2021-01-13 02:13 GMT

തിരുവനന്തപുരം: സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി നേരത്തെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നതായി മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നത്. മുഖ്യശത്രുവിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. സഭാ ടിവി അഭിമുഖത്തിലായിരുന്നു പാലോളിയുടെ വെളിപ്പെടുത്തല്‍.

ജമാഅത്തെ ഇസ്‌ലാമി-വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സഹകരണത്തെ വര്‍ഗീയവാദമായി ചിത്രീകരിച്ച് സിപിഎം രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനിടയിലാണ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പഴയ ബന്ധം സ്ഥിരീകരിക്കുന്നത്. നേരത്തെ പല തെരഞ്ഞടുപ്പുകളിലും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി യോജിച്ചു പോയിരുന്നതായി അദ്ദേഹം പറഞ്ഞു. ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താത്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു, പാലോളി പറഞ്ഞു.

ഫാഷിസം ശക്തിയാര്‍ജ്ജിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍ സഹകരണം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് അവര്‍ക്ക് ഒരു നിലപാടുണ്ട്, ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. സിപിഎമ്മുമായി യോജിക്കാന്‍ കഴിയാത്ത ഒരു നിലപാട് അവര്‍ക്കുണ്ട്. ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. രണ്ട് കക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നായിരുന്നു മറുപടി.

മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രനും കെഎന്‍എ ഖാദര്‍ എംഎല്‍എക്കുമൊപ്പം സഭാ ടിവി അഭിമുഖപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാലോളി മുഹമ്മദ് കുട്ടി.

Tags:    

Similar News