കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫസല്‍ ജയില്‍മോചിതനായി. വ്യാഴാഴ്ചയാണ് താഹയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് താഹ സുപ്രിംകോടതിയെ സമീപിച്ചത്. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് പുറത്തിറങ്ങിയശേഷം താഹ പ്രതികരിച്ചു. സിപിഎമ്മിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്നും താഹ കൂട്ടിച്ചേര്‍ത്തു. താഹയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു.
മകന്റെ പഠനം മുടങ്ങി. ജയിലില്‍ പഠിക്കാന്‍ സൗകര്യമില്ലായിരുന്നു. നാട്ടുകാരായ പാര്‍ട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടേയ്ക്കാണ് താഹ പോയത്. 2019 നവംബര്‍ ഒന്നിനാണ് മാവോവാദി ബന്ധമാരോപിച്ച് അലനെയും താഹയെയും പന്തീരാങ്കാവ് പോലിസ് അറസ്റ്റുചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎയും ചുമത്തി. അറസ്റ്റ് ചെയ്ത് ഒരുമാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ പ്രാഥമിക തെളിവ് പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി അലനും താഹയ്ക്കും നേരത്തെ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍, അലന്റെ ജാമ്യം ശരിവച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയിലെത്തിയത്. കേസില്‍ അലന്‍ ഷുഹൈബിനു ജാമ്യം നല്‍കിയതിനെതിരേ എന്‍ഐഎ നല്‍കിയ അപ്പീലും സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്രാജാണ് താഹക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണെന്നാണ് അഭിഭാഷകന്‍ വാദിച്ചിരുന്നത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് എന്‍ഐഎക്ക് വേണ്ടി ഹാജരായത്.