പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചു;അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി കേരള എംപിമാര്‍

ആഗസ്ത് 12 വരെ നടക്കുന്ന സമ്മേളനത്തില്‍ 24 ബില്ലുകള്‍ കേന്ദ്രം അവതരിപ്പിക്കും

Update: 2022-07-18 05:55 GMT
ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആരംഭിച്ചു. ആഗസ്ത് 12 വരെ നടക്കുന്ന സമ്മേളനത്തില്‍ 24 ബില്ലുകള്‍ കേന്ദ്രം അവതരിപ്പിക്കും.രാഷ്ട്രപതി,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ സമ്മേളനകാലയളവില്‍ നടക്കും.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഭയില്‍ അഗ്നിപഥ്,ജിഎസ്ടി,വാക്കുകള്‍ക്ക് വിലക്ക് തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്.ബിനോയ് വിശ്വം എംപിയാണ് അഗ്നിപഥില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. യുവാക്കളെ പ്രതിസന്ധിയിലാക്കി തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണ് കേന്ദ്രമെന്ന് ബിനോയ് വിശ്വം ആരോപിച്ചു. സൈന്യത്തിന്റെ വീര്യം ചോര്‍ത്തുന്ന നടപടി ഒഴിവാക്കണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.

ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്ന വിഷയത്തില്‍ ബെന്നി ബെഹന്നാന്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയപക പോക്കലിനായി ഉപയോഗിക്കുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടിസില്‍ ബെന്നി ബെഹന്നാന്‍ പറയുന്നത്. അഴിമതി ഉള്‍പ്പെടെയുള്ള വാക്കുകള്‍ അണ്‍പാര്‍ലമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ന്യുനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗവും തുടര്‍ന്നുണ്ടാകുന്ന സാമൂദായിക സംഘര്‍ഷവും സഭാ നടപടി നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി.

ജിഎസ്ടി നിരക്ക് വര്‍ധനയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംപിയാണ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും വില കൂടി. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്!ടി കൗണ്‍സില്‍ തീരുമാനം നിലവില്‍ വന്നതോടെയാണിത്.പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി കൂടിയത്.ഈ വില വര്‍ധന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് കാണിച്ചാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയും അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി.

Tags:    

Similar News