
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. ലോക്‌സഭയില്‍ 12 മണിക്കും രാജ്യസഭയില്‍ രണ്ടു മണിക്കുമാണ് സാമ്പത്തിക സര്‍വേ അവതരിപ്പിക്കുക. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് സാമ്പത്തിക സര്‍വേ റിപോര്‍ട്ട് തയ്യാറാക്കുക. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഈ റിപോര്‍ട്ട് അവലോകനം ചെയ്യും. ബജറ്റിന്റെ സ്വഭാവത്തിന്റെ സൂചനയും ഇതില്‍ നിന്നു ലഭിക്കും.
നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. കുംഭമേളയിലെ അപകടത്തില്‍ 30 പേര്‍ മരിച്ച സംഭവം സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള തീരുമാനത്തിലാണു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അംഗീകരിച്ച വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ബില്ലില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് ഇന്നലെ സ്പീക്കര്‍ക്കു കൈമാറിയിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്ലും ബജറ്റില്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാനുള്ള നിര്‍ദേശങ്ങളാണു ബില്ലില്‍ എന്നാണു സൂചന.