റീട്ടെയില്‍ വാഹന വിപണി കുതിക്കുന്നു; ഇരുചക്ര, മുച്ചക്ര വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു
വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റീട്ടെയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന 2021 മാര്‍ച്ചില്‍ 28.39 ശതമാനം വര്‍ധിച്ച് 2.79 ലക്ഷം യൂനിറ്റായി.
ന്യൂഡല്‍ഹി: രാജ്യത്തെ റീട്ടെയില്‍ വാഹന വിപണി കുതിക്കുന്നു. വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റീട്ടെയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന 2021 മാര്‍ച്ചില്‍ 28.39 ശതമാനം വര്‍ധിച്ച് 2.79 ലക്ഷം യൂനിറ്റായി. അതേസമയം മാര്‍ച്ചിലെ മൊത്തം വാഹന വില്‍ 28.64 ശതമാനം ഇടിഞ്ഞതായും അവര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്താകെ വിറ്റഴിഞ്ഞത് 16.49 ലക്ഷം വാഹനങ്ങളാണ്. 2020 മാര്‍ച്ചില്‍ 23.11 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. ഇരുചക്രവാഹന വില്‍പ്പനയില്‍ 35.26 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18.46 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 11.95 ലക്ഷം യൂണിറ്റിലേക്കാണ് വില്‍പന ഇടിഞ്ഞത്. മുച്ചക്രവാഹന വില്‍പ്പനയില്‍ 51 ശതമാനം ഇടിവാണ് സംഭവിച്ചത്. 2020 മാര്‍ച്ചില്‍ 77,173 മുച്ചക്ര വാഹനങ്ങളായിരുന്നു വിറ്റത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 38,034 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടത്താന്‍ കഴിഞ്ഞത്.
വാണിജ്യ വാഹന വില്‍പ്പനയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 67,372 യൂണിറ്റുകളാണ് മാര്‍ച്ച് വരെ വിറ്റഴിച്ചത്. നേരത്തേ ഇത് 1.16 ലക്ഷം യൂനിറ്റായിരുന്നു.
അതേസമയം, ട്രാക്ടര്‍ വില്‍പ്പന 29.21 ശതമാനം ഉയര്‍ന്ന് 69,082 യൂനിറ്റായി.ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കിയത്. ട്രാക്ടറുകളും പാസഞ്ചര്‍ വാഹനങ്ങളും മാത്രമാണ് ഇരട്ട അക്ക വളര്‍ച്ച നേടിയതെന്ന് എഫ്എഡിഎ പ്രസിഡന്റ് പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും വരുത്തിയ സാമ്പത്തിക പരാധീനത 3.2 കോടി ഇന്ത്യക്കാരെ മധ്യവര്‍ഗത്തില്‍ നിന്നു പുറംതള്ളിയെന്നാണ് യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ മധ്യവര്‍ഗം ഉണ്ടാക്കിയെടുത്ത സാമ്പത്തിക നേട്ടങ്ങള്‍ മഹാമാരി ഇല്ലാതാക്കി, ഇത് ഇരുചക്ര വാഹന വിപണിയെ ബാധിച്ചെന്നും ഗുലാത്തി പറഞ്ഞു.