വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ് വീട്ടിലെത്തി
ഈരാറ്റുപേട്ട: മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഒളിവിലായിരുന്ന മുന്‍ എംഎല്‍എ പി സി ജോര്‍ജ് വീട്ടിലെത്തി. ഇന്നലെ അര്‍ദ്ധരാത്രിയാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ടയിലത്തിയത്. വിദ്വേഷ പ്രസംഗ കേസില്‍ കോടതി ആദ്യം ജാമ്യം നിഷേധിച്ചതോടെ പി സി ജോര്‍ജ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങുകയായിരുന്നു. പി സി ജോര്‍ജിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് കുടുംബം പോലിസിനോട് പറഞ്ഞത്. ജോര്‍ജ് പിണറായി പോലിസിന് മുന്നില്‍ കീഴടങ്ങില്ലെന്നും മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. പൂഞ്ഞാറിലെ വീട്ടിലാണ് പോലിസ് പരിശോധന നടത്തിയിരുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയുടെ സമയത്ത് പി.സി ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു. ഫോണ്‍ സ്വിച്ച്ഡ് ഓഫുമായിരുന്നു.
വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ ഇന്നലെയാണ് പി സി ജോര്‍ജിന് ഇടക്കാല ജാമ്യം ലഭിച്ചത്. പരസ്യ പ്രസ്താവന പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നല്‍കിയത്. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും മുപ്പത് വര്‍ഷം എംഎല്‍എ ആയിരുന്ന തന്നെയും കുടുംബത്തേയും പോലിസ് പീഡിപ്പിക്കുകയാണെന്നും പി സി ജോര്‍ജ് കോടതിയില്‍ പറഞ്ഞിരുന്നു. വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.
പി സി ജോര്‍ജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കായംകുളം സ്വദേശി ഷിഹാബുദ്ദീന്‍ ഹരജി നല്‍കിയിരുന്നു. മുമ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് പി സി ജോര്‍ജ് ഒളിവിലായിരുന്നു. തുടര്‍ന്ന് ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. പി സി ജോര്‍ജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് എറണാകുളം സെഷന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും സാമുദായിക ഐക്യംതര്‍ക്കാനും കാരണമാകും. 153എ , 295 എ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന് പറയാനാവില്ലെന്നും എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലായിരുന്നു പരാമര്‍ശം.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ പോലിസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി സംഘ്പരിവാര്‍ നേതൃത്വം വലിയ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ പി സി ജോര്‍ജിന് സ്വീകരണവും നല്‍കി. അറസ്റ്റ് ചെയ്ത അന്ന് തന്നെ പി സി ജോര്‍ജിന് ജാമ്യവും ലഭിച്ചിരുന്നു.