പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളില്‍ ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍; വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി ലാബ്

Update: 2023-12-28 13:32 GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി ഇസ്രായേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയിലെ രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി റിപോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ സെക്യൂരിറ്റി ലാബ് ആണ് ഗുരുതരമായ വിവരം പുറത്തുവിട്ടത്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയര്‍'ലെ സിദ്ധാര്‍ത്ഥ് വരദരാജന്‍, ഓര്‍ഗനൈസ് ക്രൈം ആന്റ് കറപ്ഷന്‍ റിപോര്‍ട്ടിങ് പ്രൊജക്ടിലെ(ഒസിസിആര്‍പി) ആനന്ദ് മംഗ്‌നാലെ എന്നിവരുടെ ഫോണുകളിലാണ് പെഗാസസ് കണ്ടെത്തിയത്. വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. നേരത്തേയും സിദ്ധാര്‍ത്ഥ് വരദരാജന്റെ ഫോണില്‍ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. 2021ല്‍ ആഗോളവ്യാപകമായി ഫോണുകള്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങള്‍ 'പെഗാസസ് പ്രൊജക്റ്റ്' എന്ന റിപോര്‍ട്ടിലൂടെ ആംനസ്റ്റി പുറത്തുവിട്ടിരുന്നു. അപ്പോഴും സിദ്ധാര്‍ത്ഥ് വരദരാജന്റെ ഫോണില്‍ പെഗാസസ് സാന്നിധ്യം കണ്ടെത്തിയതായി പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ, രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകളിലും ചാര സോഫ്റ്റ് വെയറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് കാരണമാക്കിയിരുന്നു.

    ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണ് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നത്. ആളുകളുടെ ഫോണുകളില്‍ അവരറിയാതെ കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും മാറ്റങ്ങള്‍ വരുത്താനുമെല്ലാം കഴിയുന്ന സോഫ്റ്റ് വെയറാണിത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അതേസമയം, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് പെഗാസസ് നല്‍കുന്നതെന്നാണ് എന്‍എസ്ഒ ഗ്രൂപ്പ് വ്യക്തമാക്കിയത്. അദാനി ഗ്രൂപ്പിന്റെ ബിസിനസ് ഇടപെടലുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഒസിസിആര്‍പിയിലെ മാധ്യമപ്രവര്‍ത്തകനായ ആനന്ദ് മംഗ്‌നാലെയുടെ ഫോണില്‍ പെഗാസസ് ആക്രമണമുണ്ടായതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നത്. അദാനിയുടെ നിയമംലംഘനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലേഖനത്തില്‍ പ്രതികരണം തേടി ഒസിസിആര്‍പി ആഗസ്ത് 23ന് അദാനി ഗ്രൂപ്പിന് ഇ-മെയില്‍ അയച്ചിരുന്നു. ഇമെയില്‍ അയച്ച് 24 മണിക്കൂറിനകമാണ് ഇദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് കടന്നുകയറിയതെന്നാണ് കണ്ടെത്തല്‍.

Tags:    

Similar News