യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധം: ഒന്നാംപ്രതി കുറ്റക്കാരന്‍; ഏഴ് പേരെ വെറുതെവിട്ടു

Update: 2021-03-12 09:26 GMT

പുന്നയൂര്‍ക്കുളം: യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം ജന. സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് തൃശൂര്‍ സെഷന്‍സ് കോടതി വിധി. ഏഴുപേരെ വെറുതെ വിട്ടു. ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീല്‍ തങ്ങളാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി നാലിലാണ് വിധി പറഞ്ഞത്. ശിക്ഷ വിധി ഇന്ന് ഉച്ചക്ക് ശേഷം പുറപ്പെടുവിക്കും. 9 പ്രതികളുള്ള കേസില്‍ രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയില്‍ നസറുള്ള ഒളിവിലായതിനാല്‍ വിചാരണ ചെയ്തിട്ടില്ല.

2004 ജൂണ്‍ 12ന് വൈകിട്ട് അഞ്ചരയോടെ പെരിയമ്പലം ക്ഷേത്രത്തിനും അണ്ടത്തോട് സെന്ററിനും ഇടയില്‍ വച്ചാണ് പെരിയമ്പലം പൊന്നോത്ത് കുഞ്ഞിമോന്‍ മകന്‍ മണികണ്ഠന്‍ (28) കൊല്ലപ്പെട്ടത്. പേരാമംഗലത്ത് ആര്‍എസ്എസ് ശിബിരം നടക്കുന്നതിനിടെ എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്ന റജീബ്, ലിറാര്‍ എന്നിവരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതിലെ വിരോധം കാരണമാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. പെരിയമ്പലം യതീംഖാന റോഡിന് സമീപത്തുവെച്ച് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയായരുന്നു ആക്രമിച്ചത്. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്.

അന്ന് പോലിസ് സര്‍ക്കിള്‍ ഇര്‍സ്‌പെക്ടറായിരുന്ന ബി കൃഷ്ണകുമാറാണ് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് സി.ഐമാരായിരുന്ന ഷാജു പോള്‍, മോഹനചന്ദ്രന്‍ എന്നിവര്‍ അന്വേഷണം നടത്തുകയായിരുന്നു. കേസില്‍ 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചതാണെങ്കിലും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മണികണ്ഠന്റെ സഹോദരന്‍ പി വി രാജന്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവായത്.

Tags:    

Similar News