
കൊച്ചി: എന്‍ഐഎ മുന്‍ പ്രോസിക്യൂട്ടറും ബലാല്‍സംഗക്കേസ് പ്രതിയുമായിരുന്ന അഡ്വ. പി ജി മനുവിന്റെ ആത്മഹത്യയില്‍ ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. ഇയാള്‍ മനുവിനെതിരേ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി ജി മനു. ഇയാള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തില്‍ തുടരുന്നതിനിടെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി ജി മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ പി ജി മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പി.ജി. മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.