കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നല്‍കും: പ്രധാനമന്ത്രി
ഗതാഗത സംവിധാനങ്ങള്‍ വിപുലമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. സംരംഭക വികസനത്തിനായി 70000 കോടി രൂപയാണ് മുദ്ര ലോണായി കേരളത്തില്‍ നല്‍കിയത്. ഇതില്‍ അധികവും ടൂറിസം മേഖലയില്‍ നിന്നുള്ള സംരംഭങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടക്കുന്നത്. ദേശീയ പാത 66 ന്റെ വികസനത്തിനായി 55000 കോടിയാണ് ചെലവിടുന്നത്. കേരളത്തിന്റെ ലൈഫ് ലൈന്‍ എന്നു പറയാവുന്ന പദ്ധതിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 25 വര്‍ഷത്തില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കാന്‍ പോകുന്നത്. കേരളത്തിലും ആധുനിക വികസനത്തിന്റെ ഘട്ടം ആരംഭിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ എത്തുമ്പോള്‍ യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ഗുണകരമാകും. മള്‍ട്ടി മോഡല്‍ കണക്ടിവിറ്റി സംവിധാനമാണ് കൊച്ചിയില്‍ നടപ്പാകുക. ഇതിനായി യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിക്ക് കീഴില്‍ വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ എട്ട് വര്‍ഷമായി നഗര ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ 500 കിലോമീറ്ററിലധികം മെട്രോ റെയില്‍ റൂട്ട് നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ആയിരം കിലോമീറ്റര്‍ ദൂരം നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ റെയില്‍വേയും സമഗ്രവികസനത്തിന്റെ പാതയിലാണ്. റെയില്‍വേ സ്‌റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമായ രീതിയില്‍ വികസിപ്പിക്കുകയാണ്. കേരളത്തിന്റെ റെയില്‍ കണക്ടിവിറ്റിയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കപ്പെടുകയാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ ഇരട്ടപ്പാതയാകുന്നതോടെ സാധാരണ യാത്രക്കാര്‍ക്കും തീര്‍ഥാടകര്‍ക്കും ഏറെ ഗുണകരമാകും. ഏറ്റുമാനൂര്‍ ചിങ്ങവനം കോട്ടയം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാകും, കൊല്ലം പുനലൂര്‍ പാത വൈദ്യുതീകരണം പൂര്‍ത്തിയായത് വഴി മലിനീകരണം കുറയുകയും വേഗത കൂടിയ ട്രെയിന്‍ ലഭിക്കുകയും ചെയ്യും.
ഗതാഗത സംവിധാനങ്ങള്‍ വിപുലമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. സംരംഭക വികസനത്തിനായി 70000 കോടി രൂപയാണ് മുദ്ര ലോണായി കേരളത്തില്‍ നല്‍കിയത്. ഇതില്‍ അധികവും ടൂറിസം മേഖലയില്‍ നിന്നുള്ള സംരംഭങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടക്കുന്നത്. ദേശീയ പാത 66 ന്റെ വികസനത്തിനായി 55000 കോടിയാണ് ചെലവിടുന്നത്. കേരളത്തിന്റെ ലൈഫ് ലൈന്‍ എന്നു പറയാവുന്ന പദ്ധതിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കി ആദരിച്ചു. കൊച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍ വേയുടെയും 4500 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ഒന്നാം ഘട്ടത്തിലെ പേട്ട മുതല്‍ എസ്.എന്‍. ജംഗ്ഷന്‍ വരെയുള്ള മെട്രോ സര്‍വീസിന്റെ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിച്ചു. എറണാകുളം സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകളുടെയും കൊല്ലം സ്‌റ്റേഷന്റെയും നവീകരണം ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കുറുപ്പന്തറ കോട്ടയം ചിങ്ങവനം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും, കൊല്ലം പുനലൂര്‍ പാത വൈദ്യുതീകരണം എന്നിവ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.
കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള സ്‌പെഷ്യല്‍ ടെയിന്‍, കൊല്ലത്തു നിന്നും പുനലൂരിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫഌഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു. മലയാളികള്‍ക്ക് പ്രധാനമന്ത്രി ഓണാശംസകള്‍ നേര്‍ന്നു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ മാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, ഉമ തോമസ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി. ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.