വായില്‍ തോന്നുന്നത് വിളിച്ചുകൂവിയാല്‍ തീരുമാനമെടുക്കുന്ന പാര്‍ട്ടിയല്ല സിപിഎം; അന്‍വറിന് പിണറായിയുടെ മറുപടി
കോഴിക്കോട്: വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവിയാല്‍ അതില്‍ തീരുമാനമെടുത്ത് പോവുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്യത്തിലും നിയമതമായ രീതിയുള്ള പാര്‍ട്ടിയാണ്. അതിനാല്‍ വെറുതെ വലിച്ചിഴയ്ക്കാന്‍ കഴിയില്ല. ഗൂഢലക്ഷ്യം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ആ രീതിയില്‍ നോക്കുന്നതാണ് നല്ലത്. കൃത്യമായ വര്‍ഗീയ അജണ്ടയോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏത് കൂട്ടരെയാണോ തന്റെ പക്ഷത്തേക്ക് കൂട്ടാന്‍ നോക്കുന്നത് ആ കൂട്ടര്‍ തന്നെ ആദ്യം തള്ളിപ്പറയും. മലപ്പുറത്തിന്റെ മതനിരപേക്ഷ മനസ്സ് എല്ലാവര്‍ക്കും അറിയാം. അത് ദൃഢപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഏതെങ്കിലും വര്‍ഗീയ ശക്തി പിന്നിലുണ്ടെന്നു കരുതി എന്തും വിളിച്ചുപറയാമെന്നത് വ്യാമോഹം മാത്രമായിരിക്കും. അന്‍വര്‍ ഇപ്പോള്‍ സിപിഎമ്മിന്റെ നിയമസഭാ പാര്‍ട്ടിയംഗമല്ലെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഏതു ഭാഗമാണെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയല്ല ചെയ്തത്. ഗൗരവത്തോടെ കണ്ടു. ആരോപണത്തിനു പിന്നിലെ ഉദ്ദേശ്യമൊന്നും ആദ്യം പരിശോധിക്കാന്‍ പോയില്ല. ഏറ്റവും ഉന്നതനായ പോലിസ് മേധാവിയുടെ കീഴില്‍ അന്വേഷണത്തിന് നിയോഗിച്ചു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. റിപോര്‍ട്ട് വന്നാല്‍ നടപടിയിലേക്ക് കടക്കും. അതിനു മുമ്പ് തന്നെ പ്രത്യേക നിലപാടുമായി അന്‍വര്‍ വന്നു. ഇതൊന്നും നമ്മുടെ നാട് അംഗീകരിക്കില്ല. ജനമനസ്സില്‍ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ശ്രമം നാട് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയോട് സന്ധി ചെയ്യാത്തത് ആരെയും തൃപ്തിപ്പെടുത്താനല്ല. ഞങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതയാണത്. തൃശൂരില്‍ ബിജെപി ജയിക്കാനിടയായത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. എന്നാല്‍, കണ്‍മുന്നില്‍ വരുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. 2019ല്‍ കോണ്‍ഗ്രസിന് കിട്ടിയ വോട്ട് 2024ല്‍ 86000 വോട്ട് കുറയുന്നു. എവിടെയാണ് വോട്ട് പോയത്. ഞങ്ങള്‍ ജയിച്ചില്ല. എന്നാല്‍, 16000 വര്‍ധിക്കുകയാണ് ചെയ്തത്. ബിജെപി ഒരു ലക്ഷത്തിലധികം വര്‍ധനവുണ്ടാക്കി. ഈ ഒരു ലക്ഷത്തില്‍ 86000ത്തിന് സ്ഥാനമില്ലേ. അതെന്താണ് കാണാത്തത്. നമ്മുടെ നാട്ടില്‍ തെറ്റായ പ്രവണതകള്‍ ആരും സ്വീകരിക്കാന്‍ പോവുന്നില്ല. കേരളത്തില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്കു വേണ്ടി അനേകം സഖാക്കള്‍ കൊലക്കത്തിക്കിരയായിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയ്‌ക്കെതിരേ പോരാടിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണിത്. സിയോണിസ്റ്റുകളുമായി ഇരട്ടസഹോദരങ്ങളെ പോലെ പെരുമാറുന്നവരാണ് ആര്‍എസ്എസുകാര്‍. ഹിറ്റ്‌ലര്‍ ചൂതരെ ആക്രമിച്ചപ്പോള്‍ അതിനെ അനുകരണീയമായ മാതൃക എന്നാണ് ആര്‍എസ്എസ് കണ്ടത്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ സ്വീകരിച്ച മാതൃക ഇന്ത്യയിലും വേണമെന്നാണ് അവരുടെ നിലപാട്, അന്ന് വംശഹത്യയ്ക്ക് ഇരയായവരാണ് ഇന്ന് വംശഹത്യയ്ക്ക് നേതൃത്വം കൊടുക്കുന്നത് എന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥ. എന്നാല്‍, ആര്‍എസ്എസിന് അതിനോട് ഇന്നും പൂര്‍ണ യോജിപ്പാണ്. അതിലൂടെ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തമാണ്. ഇപ്പോള്‍ അമേരിക്കയുമായി കൂടുതല്‍ സഹകരിച്ച് ഏറ്റവും വലിയ സഹായിയാവാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ചില പ്രതിപക്ഷ നേതാക്കളും അമേരിക്കയിലെത്തി അവര്‍ക്ക് അനുകൂലമായി സംസാരിക്കുന്നതും കാണുന്നുണ്ട്. സാമ്രാജ്യത്വ നിലപാടുകളെ തുറന്നുകാട്ടുന്ന സമീപനം വേണം. നിങ്ങള്‍ ഏത് അസംതൃപ്തി കൊണ്ട് നേരിട്ടാലും അതെല്ലാം പരിഹരിക്കാനുള്ള ഒറ്റമൂലി ഞങ്ങളുടെ കൈയിലുണ്ട് എന്നതാണ് സംഘപരിവാരത്തിന്റെയും ആര്‍എസ്എസിന്റെയും ആശ്വാസം. പച്ചയായ വര്‍ഗീയതയാണത്. പരിഷ്‌കൃത സമൂഹത്തിനു തന്നെ നാണക്കേടാണ്. ഒരുകൂട്ടത്തിനെതിരേ പച്ചയായ വര്‍ഗീയതയാണ് ചെയ്യുന്നത്. കാവഡ് യാത്രയ്ക്കിടെ യുപിയും ഉത്തരാഖണ്ഡും ഒരേ ഉത്തരവ് പുറപ്പെടുവിക്കുന്നു. തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെ പേര് പ്രദര്‍ശിപ്പിക്കണമെന്നാണ് ഉത്തരവ്. ഇതിനു പിന്നില്‍ പ്രത്യേക മതലക്ഷ്യമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് മുസ് ലിം വിരുദ്ധതയുടെ ഭാഗമായിരുന്നു. മുസ് ലിം വിരുദ്ധ നിലപാടില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഉത്തരാഖണ്ഡില്‍ മുസ് ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ചെയ്ത് പരസ്യമായി വന്നു. അവര്‍ ഇന്നലെ വന്നവരല്ല. മറ്റുള്ളവരെ പോലെ കാലാകാലങ്ങളായി ഉള്ളവരാണ്. ആ മണ്ണിന്റെ മക്കളാണ്. അവരെയാണ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. എവിടേക്കാണ് നമ്മുടെ രാജ്യം പോവുന്നത്. വില്ലേജ് അതിര്‍ത്തില്‍ മുസ് ലിമിന് പ്രവേശനമില്ല എന്ന് പ്രത്യേകം ബോര്‍ഡ്. ഹിന്ദുവും മുസ് ലിമും തമ്മില്‍ സ്ഥലം വില്‍ക്കാന്‍ പാടില്ലെന്ന് വന്നു. അതിന് ലാന്റ് ജിഹാദ് എന്ന് പേര് വന്നു. എവിടേക്കാണ് രാജ്യത്തെ കൊണ്ടുപോവാന്‍ സംഘപരിവാരം ഉദ്ദേശിക്കുന്നത്. മിശ്രവിവാഹിതരെ ലൗജിഹാദില്‍ പെട്ടവരാക്കി അവര്‍ക്ക് ജീവപര്യന്തം തടവ് വരെ നല്‍കാനാണ് ഒരു സംസ്ഥാനം പരിഗണിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാരത്തിന്റെ നിലപാട് എവിടങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അസമിലെ മുഖ്യമന്ത്രിയും എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള പരസ്യപ്രസ്താവനകളാണ് നടത്തുന്നത്. മുസ് ലിംകളെല്ലാം പുറത്തുനിന്നെത്തിയവരാണെന്നാണ് പറയുന്നത്. എന്താണിത്. എത്രമാത്രം വംശീയവിരോധം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. എത്ര കടുത്ത വര്‍ഗീയ വിഷമാണ് ചീറ്റിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.