'അമ്മയ്ക്ക് കൊവിഡ് ആണ്, ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ല'; സഹായം അഭ്യര്‍ത്ഥിച്ച് നടി ദീപിക സിങ്

'അമ്മയ്ക്ക് 59 വയസ്സുണ്ട്. കൂട്ടുകുടുംബമാണ്. മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാകുമെന്ന് പേടിയുണ്ട്. അച്ഛനും കൊവിഡ് ലക്ഷണങ്ങളുണ്ട്. ദയവായി ചികിത്സ ലഭിക്കാന്‍ സഹായിക്കണം', എന്നാണ് അധികൃതരോടുള്ള ദീപികയുടെ അപേക്ഷ.

Update: 2020-06-13 06:29 GMT

ന്യൂഡല്‍ഹി: അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും നടി ദീപിക സിങ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി സഹായം അഭ്യര്‍ത്ഥിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



'എന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാ റിപ്പോര്‍ട്ടിന്റെ കോപ്പി പോലും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ആരും പ്രവേശിപ്പിച്ചില്ല. അമ്മയ്ക്ക് 59 വയസ്സുണ്ട്. കൂട്ടുകുടുംബമാണ്. മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാകുമെന്ന് പേടിയുണ്ട്. അച്ഛനും കൊവിഡ് ലക്ഷണങ്ങളുണ്ട്. ദയവായി ചികിത്സ ലഭിക്കാന്‍ സഹായിക്കണം', എന്നാണ് അധികൃതരോടുള്ള ദീപികയുടെ അപേക്ഷ.

താന്‍ മുംബൈയിലും മാതാപിതാക്കള്‍ ഡല്‍ഹിയിലുമാണെന്ന് ദീപിക പറഞ്ഞു. ഡല്‍ഹിയിലെ വിലാസവും ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 

Tags:    

Similar News