നാലാം ലോക്ക് ഡൗണിനെ കുറിച്ച് സൂചന നല്‍കി പ്രധാനമന്ത്രി
കൊവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക.
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 17ന് ശേഷം നാലാം ലോക്ക് ഡൗണ്‍ തുടരുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാം ഘട്ടം കൂടുതല്‍ ഇളവുകള്‍ നല്‍കി കൊണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങള്‍ ഈ മാസം 17ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കൊവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കൊവിഡില്‍നിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും. കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എന്‍ 95 മാസ്‌കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും ദിവസേന ഉണ്ടാക്കുന്നു. മോദി പറഞ്ഞു.