എടപ്പാള്‍: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി(94) അന്തരിച്ചു. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ അക്കിത്തത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരായ വി ടി ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനത്തിലും നമ്പൂതിരി സമുദായോദ്ധാരണത്തിനായി യോഗക്ഷേമസഭയിലും പ്രവര്‍ത്തിച്ചിരുന്നു. യോഗക്ഷേമം, മംഗളോദയം തുടങ്ങിയ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്ന ഇദ്ദേഹം അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളില്‍ വേഷമിടുകയും ചെയ്തിരുന്നു. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്ന അക്കിത്തം 1985ലാണ് വിരമിച്ചത്.
ജ്ഞാനപീഠം വരെയുള്ള പുരസ്‌കാരങ്ങള്‍ തേടിയെത്തിയ അക്കിത്തം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂര്‍ അന്യോന്യ പരിഷത്ത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, പണ്ടത്തെ മേല്‍ശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കള്‍, ബലിദര്‍ശനം, തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരി-ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനം ദമ്പതികളുടെ മകനായി 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനനം. ചെറുപ്പകാലം മുതല്‍, അതായത് എട്ടാം വയസ്സ് മുതല്‍ കവിതയെഴുതിത്തുടങ്ങിയ അക്കിത്തം വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. ചിത്രകലയിലും സംഗീതത്തിലും തല്‍പരനായിരുന്നു. കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന 'ഉണ്ണി നമ്പൂതിരി'യുടെ പ്രിന്ററും പബ്ലിഷറുമായി. ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. സഹോദരന്‍: പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍.
Poet Akkitham Achuthan Namboothiri passed away