ന്യൂഡല്‍ഹി: സാരേ ജഹാന്‍ സേ അച്ഛാ എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് അല്ലമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗത്തിന് ഡല്‍ഹി സര്‍വകലാശാലയില്‍ വിലക്ക്. പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് അനശ്വര കവിയുടെ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത്. മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്യാനുള്ള പ്രമേയം ഡല്‍ഹി സര്‍വകലാശാലയിലെ അക്കാദമിക് കൗണ്‍സില്‍ വെള്ളിയാഴ്ച പാസാക്കിയതായി നിയമാനുസൃത ബോഡി അംഗങ്ങള്‍ സ്ഥിരീകരിച്ചു. 1877ല്‍ അവിഭക്ത ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച ഇഖ്ബാലിനെ കുറിച്ച് ബിഎ ആറാം സെമസ്റ്റര്‍ പേപ്പറിലാണ് പാഠഭാഗമുണ്ടായിരുന്നത്. 'മോഡേണ്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ചിന്ത' എന്ന അധ്യായമാണ് ഒഴിവാക്കുന്നത്. നടപടിയെ ആര്‍എസ്എസിന്റെ വിദ്യാര്‍ഥിവിഭാഗമായ എബിവിപി സ്വാഗതം ചെയ്തു.
'പൊളിറ്റിക്കല്‍ സയന്‍സിന്റെ സിലബസില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു പ്രമേയം കൊണ്ടുവന്നു. പ്രമേയം അനുസരിച്ച്, ഇഖ്ബാലിനെക്കുറിച്ചുള്ള ഒരു അധ്യായം സിലബസില്‍ നിന്ന് നീക്കം ചെയ്തതായി അക്കാദമിക് കൗണ്‍സില്‍ അംഗം പറഞ്ഞു. റാംമോഹന്‍ റോയ്, പണ്ഡിത് രമാഭായി, സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ഭീംറാവു അംബേദ്കര്‍ എന്നിവരുടെ പാഠങ്ങള്‍ക്കൊപ്പമായിരുന്നു ഇഖ്ബാലിനെയും കുറിച്ച് പഠിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയത്. അതേസമയം, ഇഖ്ബാലാണ് ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയെന്നും മതഭ്രാന്തനായ ദൈവശാസ്ത്ര പണ്ഡിതനാണ് അദ്ദേഹമെന്നും എബിവിപി പറഞ്ഞു. 'പാകിസ്താന്റെ ദാര്‍ശനിക പിതാവ്' എന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിളിക്കുന്നത്. ജിന്നയെ മുസ് ലിം ലീഗില്‍ നേതാവായി ഉയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യയുടെ വിഭജനത്തിന് മുഹമ്മദ് അലി ജിന്നയെ പോലെ ഉത്തരവാദിയാണ് മുഹമ്മദ് ഇഖ്ബാലെന്നും എബിവിപി പ്രസ്താവനയില്‍ ആരോപിച്ചു.