
തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരേ കേസെടുത്തു. മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമി(28)നെതിരെയാണ് കേസ്. ഇയാളുടെ കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം വണ്ടൂരില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്കാ ഗാന്ധി. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ മുന്നില്‍ ബ്ലോക്കിടുകയായിരുന്നു. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലിസിനോട് തട്ടിക്കയറുകയും ചെയ്തു. ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്കാഗാന്ധി. തുടര്‍ന്ന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചതിനും കേസെടുക്കുകയായിരുന്നു.