കെ റെയില്‍ സമരക്കാര്‍ക്കെതിരായ പോലിസ് അതിക്രമം; ചങ്ങനാശ്ശേരിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

Update: 2022-03-17 12:12 GMT

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം. കെ റെയില്‍ വിരുദ്ധ സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക. സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പോലിസ് നടപടിക്കെതരേ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. തൃക്കൊടിത്താനം പോലിസ് സ്‌റ്റേഷന് മുന്നില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി.

അറസ്റ്റിലായ 23 പേരില്‍ രണ്ടുപേരെ ഇനിയും വിട്ടയച്ചിട്ടില്ല. സ്‌റ്റേഷന് മുന്നില്‍ പോലിസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു. അറസ്റ്റിലായ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി അടക്കമുള്ളവരെ പോലിസ് വിട്ടയിച്ചിരുന്നു. രണ്ട് യുവാക്കളെ വിട്ടയക്കുന്നില്ലെന്നു പറഞ്ഞാണ് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. മാടപ്പള്ളിയില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

ഡിവൈഎസ്പി അടക്കം സ്‌റ്റേഷനിലെത്തി കവാടത്തില്‍നിന്നും പ്രതിഷേധക്കാരെ മാറ്റി. പോലിസിനു നേരേ മണ്ണെണ്ണ ഒഴിച്ചതിനാണ് അറസ്‌റ്റെന്നാണ് പോലിസ് വിശദീകരണം. ബിജെപി, എസ്‌യുസിഐ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. മാടപ്പള്ളി മുണ്ടുകുഴിയിലാണ് കെ റെയില്‍ കല്ലിടലിനെതിരേ വന്‍ പ്രതിഷേധം അരങ്ങേറിയത്. മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സര്‍വേക്കല്ലുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ ശേഷം റോഡ് ഉപരോധിച്ചു. ഇതോടെ വാഹനം സ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കുനേരേ രംഗത്തുവന്ന നാട്ടുകാര്‍ കൂട്ട ആത്മഹത്യാഭീഷണി മുഴക്കി. മണ്ണെണ്ണ ഉയര്‍ത്തി കാട്ടിയായിരുന്നു പ്രതിഷേധം.

ഇതിനിടയില്‍ കനത്ത പോലിസ് സന്നാഹത്തോടെ കെ റെയില്‍ കല്ലുമായി വാഹനം തിരിച്ചെത്തി. പോലിസും ഉദ്യോഗസ്ഥരും കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങിയതോടെ ഗോ ബാക്ക് വിളികളുമായി നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ക്കുനേരേ പോലിസ് ബലം പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരേ പോലിസ് ലാത്തിവീശി. സ്ത്രീകളെ പോലിസ് വലിച്ചിഴയ്ക്കുകയും ചെയ്തു.

ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ പോലിസ് സുരക്ഷയില്‍ ഉദ്യോഗസ്ഥര്‍ കെ റെയില്‍ സര്‍വേക്കല്ല് സ്ഥാപിക്കുകയായിരുന്നു. നാലുസ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് അറസ്റ്റുചെയ്തത്. ചെറിയ കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പോലിസ് പറയുന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെ റെയിലിനെതിരേ സമരം ശക്തമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News