ദയാബായിയെ വീണ്ടും പോലിസെത്തി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

Update: 2022-10-15 17:26 GMT

തിരുവനന്തപുരം: തിരുവന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ വീണ്ടും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോലിസ് എത്തിയാണ് മാറ്റിയത്. സെക്രട്ടേറിയറ്റിനു മുന്നില്‍ രണ്ടാഴ്ചയായി സമരത്തിലാണ് അവര്‍. ദയാബായി ക്ഷീണിതയെന്ന് സമരസമിതി. സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് സംഘാടകസമിതി ബഹുജന മാര്‍ച്ച് നടത്തും.

കാസര്‍കോട്ടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും തലസ്ഥാനത്തെത്തും. ദയാബായിയെ മരണത്തിലേക്ക് തള്ളിവിടാന്‍ അനുവദിക്കില്ലന്ന് സംഘാടക സമിതി അറിയിച്ചു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് രണ്ട് തവണ ദയാബായിയെ പോലിസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി പൂര്‍വ്വാധികം ശക്തിയോടെ സമരവേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. നിരന്തരം ആവശ്യങ്ങളുന്നയിച്ച് ദയബായി രംഗത്തുവന്നിരുന്നു. എന്നാല്‍ സമരം തുടരുമ്പോഴും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും സമരസമിതി ആരോപിക്കുന്നു.

കാസര്‍കോട് ജില്ലയോടുള്ള അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാണ് ആക്ഷേപം. മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒപി മാത്രം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. എന്‍ഡോസള്‍ഫാന് ദുരിത ബാധിതര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ദയാബായിയുടെ നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ഇതുവരെ തുടരുകയായിരുന്നു.

Tags:    

Similar News