പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചു; ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരേ കേസ്

Update: 2022-12-09 06:16 GMT

കൊച്ചി: പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിറ്റക്‌സ് എംഡിയും ട്വന്റി- 20 ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരേ കേസെടുത്തു. പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്. സാബു എം ജേക്കബിനു പുറമേ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീപയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ദീപ ഈ കേസില്‍ രണ്ടാം പ്രതിയാണ്. കഴിഞ്ഞ ആഗസ്തിലാണ് പരാതിക്കിടയാക്കിയ സംഭവം.

ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കാര്‍ഷിക ദിനാഘോഷത്തില്‍ ഉദ്ഘാടകനായെത്തിയ എംഎല്‍എയെ വേദിയില്‍വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. ഐക്കരനാട് പഞ്ചായത്തിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ശ്രീനിജന്‍ എത്തിയതോടെ ട്വന്റി- 20 പഞ്ചായത്ത് മെംബര്‍മാരെല്ലാം വേദിയില്‍നിന്നിറങ്ങിപ്പോയി സദസ്സില്‍ ഇരുന്നു. സംവരണമണ്ഡലത്തിലെ എംഎല്‍എ ആയ തന്നെ ജാതീയമായി അധിക്ഷേപിച്ചു.

സാമൂഹിക വിലക്കാണ് തനിക്കെതിരേ ഉണ്ടായതെന്ന് പി വി ശ്രീനിജന്‍ പറഞ്ഞു. താന്‍ പങ്കെടുക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തിന്റെ പഞ്ചായത്ത് അംഗങ്ങളെ വിലക്കുമെന്ന് സാബു എം ജേക്കബ് നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നെ മുറിയില്‍ പൂട്ടിയിടണമെന്നു സാബു പറഞ്ഞതായും എംഎല്‍എയുടെ പരാതിയിലുണ്ട്. തുടര്‍ന്ന് പുത്തന്‍കുരിശ് പോലിസ് സ്‌റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സപ്തംബറില്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു.

എന്നാല്‍, പോലിസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ഡിജിപി.യെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. സാബുവിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തന്‍ കുരിശ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പി വി ശ്രീനിജനും സാബു.എം.ജേക്കബിനുമിടയില്‍ ദീര്‍ഘനാളായി അസ്വാരസ്യങ്ങളുണ്ട്. അതേസമയം, എംഎല്‍എയായ ശേഷം പി വി ശ്രീനിജനുമായി താന്‍ കണ്ടുമുട്ടുകയോ വേദി പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് സാബു ജേക്കബ് പ്രതികരിച്ചു. മാധ്യമങ്ങളില്‍ കേട്ടുള്ള അറിവ് മാത്രമാണ് തനിക്കുള്ളതെന്നും സാബു ജേക്കബ് പറയുന്നു.

Tags:    

Similar News