സംഭല്‍ മസ്ജിദിന് സമീപം 'സത്യവ്രത്' പോലിസ് ഔട്ട് പോസ്റ്റ് ഉദ്ഘാടനം ചെയ്തു (വീഡിയോ)

Update: 2025-04-06 15:57 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് എതിര്‍വശത്ത് നിര്‍മിച്ച പുതിയ പോലിസ് ഔട്ട്‌പോസ്റ്റ് രാമനവമി ദിനമായ ഇന്ന് ഉദ്ഘാടനം ചെയ്തു. വേദമന്ത്രങ്ങളോടെ നടത്തിയ പൂജയോടെയാണ് സത്യവ്രത് എന്ന പേരിലുള്ള ഔട്ട്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ, സംഭല്‍ എസ്പി കൃഷ്ണകുമാര്‍ ബിഷ്‌ണോയ്, സംഭല്‍ സിഒ അനൂജ് ചൗധുരി എന്നിവരാണ് ഉദ്ഘാടന നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഉച്ചയ്ക്ക് 1.07ന് നടന്ന പൂജകള്‍ക്ക് ആചാര്യ പണ്ഡിറ്റ് ശോഭിത് ശാസ്ത്രി പണ്ഡിറ്റ് വിശാല്‍ നേതൃത്വം നല്‍കി. ഹിന്ദുക്കളുടെ വിവിധ ദൈവങ്ങളുടെ വിഗ്രഹങ്ങളെ ചടങ്ങില്‍ ആരാധിച്ചു.

ഹിന്ദുക്കളുടെ ഭഗവത് ഗീതയില്‍ നിന്നും എടുത്ത 'പരിത്രാണായ സാധൂനാം വിനാശയ ച ദുഷ്‌കൃതം...'' എന്ന വാക്യം പോലിസ് സ്‌റ്റേഷനില്‍ ആലേഖനം ചെയ്തിട്ടുണ്ട്. നല്ലവരുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ നാശത്തിനും വേണ്ടി പോലിസ് പ്രവര്‍ത്തിക്കുമെന്നാണ് ഈ വാക്യം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് എസ്പി പറഞ്ഞു.

ഹിന്ദു വിശ്വാസ പ്രകാരമുള്ള സത്യയുഗത്തില്‍ സംഭലിന്റെ പേര് സത്യവ്രത് എന്നായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. ത്രേതായുഗത്തില്‍ മഹദ് ഗിരിയെന്നും നിലവില്‍ ശംഭല്‍ എന്നാണ് പേരെന്നും അദ്ദേഹം അവകാശപ്പെട്ടു. ഛൈത്ര നവരാത്രിയുടെ അവസാന ദിവസമായതും ശ്രീ രാമന്റെ ജന്മദിനമായതിനാലുമാണ് ഉദ്ഘാടനത്തിന് ഈ ദിവസം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തില്‍ സ്ഥാപിച്ച മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെയും അര്‍ജുനന്റെയും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മഹാഭാരത യുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് സംസാരിക്കുന്നതിന്റെ വെണ്ണക്കലില്‍ കൊത്തിയ രംഗവും സ്റ്റേഷനിലുണ്ട്. അതേസമയം, കനത്ത പോലിസ് സഹായത്തോടെ സംഭലില്‍ വിഎച്ച്പി മഹാനവമി യാത്ര നടത്തി.


Similar News