പി ജി മനുവിന് പോലിസ് സംരക്ഷണം: പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കണം-വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
എറണാകുളം: സ്ത്രീ പീഡനക്കേസ് പ്രതിയായ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിനെ പോലിസ് സംരക്ഷിക്കുകയാണെന്നും പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടും പ്രതിഷേധിച്ച വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത കേസ് പിന്‍വലിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ സഹയാത്രികനായ അഡ്വ. മനുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് ബോധപൂര്‍വമായ അനാസ്ഥ കാണിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ പരാതി നല്‍കിയ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഇതുവരെയും നീതി ലഭ്യമായിട്ടില്ല. പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പ്രതി സൈ്വര്യവിഹാരം നടത്തുകയാണ്. ഈ അനീതിക്കെതിരേ ജനാധിപത്യ രീതിയിലുള്ള സമരമാണ് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംഘടിപ്പിച്ചത്. സമരം ചെയ്തവര്‍ക്കെതിരായ കേസ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, ബാബിയ ഷെരീഫ് , സുലൈഖാ റഷീദ് സംസാരിച്ചു.