സംഭല്‍ ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: നാട്ടുകാരുടെ വാദങ്ങള്‍ ശരിവച്ച് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; കൊല്ലപ്പെട്ടവര്‍ക്ക് വെടിയേറ്റത് നാടന്‍ തോക്കുകളില്‍ നിന്ന്

Update: 2024-11-26 05:12 GMT

ലഖ്‌നൗ: സംഭലിലെ ഷാഹി ജുമാ മസ്ജിദിന് സമീപം നാടന്‍തോക്കുകള്‍ ഉപയോഗിച്ച് പോലിസ് വെടിവച്ചെന്ന നാട്ടുകാരുടെ ആരോപണം ശരിവച്ച് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കൊല്ലപ്പെട്ട മൂന്നു പേരുടെയും ശരീരത്തില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ നാടന്‍ തോക്കില്‍ നിന്ന് പുറത്തുവന്നതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്. 315 ബോര്‍ വെടിയുണ്ടകളാണ് കൊല്ലപ്പെട്ട മൂന്നു പേരുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്.

മുസ്‌ലിം യുവാക്കളെ വെടിവയ്ക്കാന്‍ ഉന്നതരായ പോലിസുകാര്‍ ഗൂഡാലോചന നടത്തിയിരുന്നതായി പ്രമുഖ അഭിഭാഷകനും മസ്ജിദ് ഭരണസമിതി മേധാവിയുമായ അഡ്വ. സഫര്‍ അലി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടാം സര്‍വെക്കെതിരെ പ്രതിഷേധിക്കുന്നവരെ വെടിവയ്ക്കാന്‍ ഡിഐജിയും എസ്പിയും ജില്ലാ മജിസ്‌ട്രേറ്റും കൂടിയാലോചന നടത്തുന്നത് കണ്ടുവെന്നാണ് സഫര്‍ അലി പറഞ്ഞത്.


''നാട്ടുകാര്‍ വെടിവയ്ക്കുന്നത് ഞാന്‍ കണ്ടില്ല. പക്ഷെ, പോലിസ് വെടിവയ്ക്കുന്നത് കണ്ടു. അതിന്റെ വീഡിയോയും ഉണ്ട്. പോലിസുകാര്‍ നാടന്‍ തോക്കുകള്‍ ഉപയോഗിച്ചാണ് വെടിവച്ചത്.''-അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്താസമ്മേളനത്തിന് ശേഷം പോലിസ് സഫര്‍ അലിയെ കസ്റ്റഡിയില്‍ എടുത്തു.

Tags:    

Similar News