കര്‍ഷക സമരത്തിനു നേരെ പോലിസ് അതിക്രമം; ഷെഡുകളും സ്‌റ്റേജും പൊളിച്ചുമാറ്റി(വീഡിയോ)

Update: 2025-03-19 16:45 GMT

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് നേരെ പോലിസിന്റെ അതിക്രമം. ശംഭു, ഖനൗരി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. കര്‍ഷകരുടെ താല്‍ക്കാലിക ഷെഡുകളും സ്‌റ്റേജും പൊളിച്ചുമാറ്റി.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം), സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര) നേതാക്കളായ സര്‍വന്‍ സിംഗ് പാന്ഥര്‍, ജഗ്ജിത് സിംഗ് ദല്ലേവാള്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കായി ചണ്ഡീഗഡില്‍ കേന്ദ്രമന്ത്രിമാരെ കണ്ട ശേഷം ആംബുലന്‍സില്‍ ഖനൗരി അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന ദല്ലേവാളിനെ സിറാക്പൂരിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

മൊഹാലിയില്‍ വെച്ച് പാന്ഥറെയും കസ്റ്റഡിയിലെടുത്തു. പതിനാല് കര്‍ഷക നേതാക്കളെയും കര്‍ഷകരെയും കസ്റ്റഡിയിലെടുത്തു. മിനിമം താങ്ങുവില ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖന്നൗരിയില്‍ നവംബര്‍ 26 മുതല്‍ കര്‍ഷകര്‍ സമരം നടത്തുന്നത്. സമരത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.