'വീണ്ടും ചോര തേടി ഇറങ്ങീട്ടുണ്ട്'; വ്യാജ സന്ദേശത്തിനെതിരേ മുന്നറിയിപ്പുമായി പോലിസ്

സൗജന്യ പ്രമേഹ പരിശോധനക്കെത്തുന്നവര്‍ എച്ച്‌ഐവി പടര്‍ത്താന്‍ എത്തുന്നവരാണെന്നാണ് വാട്‌സ് ആപ്പിലൂടെ പ്രചരിച്ച വ്യാജ സന്ദേശം.

Update: 2021-10-31 12:39 GMT

കോഴിക്കോട്: എയ്ഡ്‌സ് പടര്‍ത്താന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്ന വാട്‌സ് ആപ്പ് സന്ദേശം വ്യാജമാണെന്ന് പോലിസ്. കേരള പോലിസിന്റെ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് പോലിസ് ഔദ്യോഗികമായി അറിയിച്ചു. കേരള പോലിസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സന്ദേശത്തിനെതിരേ മുന്നറിയിപ്പ് നല്‍കിയത്.

Full View

'വീണ്ടും ചോര തേടി ഇറങ്ങീട്ടുണ്ട്. സംഭവം വ്യാജമാണ്. കേരള പൊലിസ് ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയിട്ടില്ല. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്. സംഭവം വ്യാജമാണെന്നറിയാതെ ഷെയര്‍ ചെയ്‌തോരൊക്കെ ഇതുകൂടി ഒന്നു ഷെയര്‍ ചെയ്‌തേക്കണേ'. പോലിസ് ഫേസ്ബുക്ക് സന്ദേശത്തില്‍ പറഞ്ഞു.

സൗജന്യ പ്രമേഹ പരിശോധനക്കെത്തുന്നവര്‍ എച്ച്‌ഐവി പടര്‍ത്താന്‍ എത്തുന്നവരാണെന്നാണ് വാട്‌സ് ആപ്പിലൂടെ പ്രചരിച്ച വ്യാജ സന്ദേശം. കുടുംബ ഗ്രൂപ്പുകളിലടക്കം നിരവധി പേര്‍ക്ക് സന്ദേശം കൈമാറിയെത്തി.

വ്യാജ സന്ദേശത്തിന്റെ പൂര്‍ണരൂപം:

'ശ്രദ്ധിക്കുക....

വേഗം വേഗം...നിങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വരുന്നു. നിങ്ങളുടെ blood free trial ല്‍ SUGAR ഉണ്ടോന്ന് ചെയ്യാം എന്നു പറയുകയാണെങ്കില്‍, ഉടനടി പോലിസിനെ അറിയിക്കുക. അവര്‍ HIV വൈറര്‍ പടര്‍ത്തുന്നതിന് വരുന്നവരാണ്. നിങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കിടുക.

ബഹുമാന പൂര്‍വ്വം:

കേരള പോലിസ്

നന്ദി.

പോലിസിന്റെ പേരിലുള്ള ഈ സന്ദേശം വ്യാജമാണെന്ന് അറിയാതെ ഷെയര്‍ ചെയ്തവരൊക്കെ പോലിസിന്റെ മുന്നറിയിപ്പ് സന്ദേശം കൂടി ഷെയര്‍ ചെയ്യണമെന്നും പോലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Tags:    

Similar News