ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക്, പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലെത്തുക

Update: 2021-10-30 18:48 GMT

ദില്ലി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലെത്തുക. പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ മാര്‍പ്പാപ്പ ഇന്ത്യയിലെത്തും. മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മാര്‍പ്പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്. മുന്‍പ് ഇന്ത്യാ സന്ദര്‍ശനത്തിന് അദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ ഉച്ചക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു നിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചക്ക് മുന്‍പ് പ്രധാനമന്ത്രിയും മാര്‍പാപ്പയും ഉപഹാരങ്ങള്‍ കൈമാറി. കൊവിഡ് സാഹചര്യമടക്കം കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമായി. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം അതി ജീവിച്ചതും, നൂറ് കോടി കടന്ന വാക്‌സിനേഷന്‍ നേട്ടവും പ്രധാനമന്ത്രി മാര്‍ പാപ്പയോട് വിശദീകരിച്ചു. ഇന്ത്യയുടെ നേട്ടത്തെയും കൊവിഡ് കാലത്തെ സേവന സന്നദ്ധതേയയും മാര്‍പാപ്പ അഭിനന്ദിച്ചതായി വിദേശ കാര്യമന്ത്രലായം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. മത പരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ രാജ്യത്ത് മിഷണിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ അതിക്രമം തുടരുന്നുവെന്ന പരാതികള്‍ നില നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പോപ്പുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയത്. ക്രിസ്ത്യാനികള്‍ക്കെതിരായ വംശീയ അതിക്രമത്തില്‍ നേരത്തെ വത്തിക്കാന്‍ ആശങ്ക പങ്കുവച്ചിരുന്നു.

Tags:    

Similar News